നിയമസഭ ജീവിതത്തിന്‍റെ അമ്പതാംവാര്‍ഷിക തിളക്കത്തില്‍ ഉമ്മന്‍ചാണ്ടി

കേരള സംസ്ഥാനത്ത്‌ നിയമനിര്‍മാണ സഭകളുടെ ചരിത്രത്തിലെ അപൂര്‍വനേട്ടത്തിലാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 1970ല്‍ തുടങ്ങിയ നിയമസഭ ജീവിതത്തിന്‍റെ അമ്പതാംവാര്‍ഷികം ആഘോഷിക്കുകയാണ് അദ്ദേഹം. തോല്‍വി എന്തെന്നറിയാതെ തുടര്‍ച്ചായി 11 തവണ വിജയിച്ച ഉമ്മന്‍ചാണ്ടി അക്ഷരാര്‍ത്ഥത്തില്‍ ജനകീയ നേതാവ് എന്ന വിശേഷണത്തിന് അര്‍ഹനാണ്.

1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളിയില്‍ കരോട്ട് വള്ളക്കാവില്‍ കെ.ഒ ചാണ്ടി – ബേബി ചാണ്ടി ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ച ഉമ്മന്‍ചാണ്ടി വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് സംസ്ഥാന രാഷട്രീയത്തിലേക്ക് കടന്ന് വരുന്നത്. ഇരുപത്തിയേഴാം വയസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഉമ്മൻ ചാണ്ടി ആദ്യമായി നിയമസഭയിലേക്ക് മൽസരിക്കുന്നത്. ഇടത് എംഎല്‍എ ഇ.എം.ജോർജിനെ 7233 വോട്ടിന് പരാജയപ്പെടുത്തിയതോടെ പുതുപ്പള്ളിയിലും കേരള രാഷ്ട്രീയത്തിലും പുതിയ രാഷ്ട്രീയചരിത്രമാണ് എഴുതപ്പെട്ടത് .1970ന് ശേഷം ഇതുവരെ നടന്ന 11 തെരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടി തന്നെയായിരിന്നു പുതുപ്പള്ളിയുടെ സാരഥി. ഒരു മണ്ഡലത്തില്‍ ഏറ്റവുമധികം തവണ ജയിച്ചയാളെന്ന റെക്കോര്‍ഡില്‍ കെഎം മാണി മാത്രമാണ് ഉമ്മന്‍ചാണ്ടിക്ക് മുന്നിലുള്ളത്.

1977ല്‍ കരുണാകരന്‍ മന്ത്രിസഭയിലാണ് ഉമ്മന്‍ചാണ്ടി ആദ്യമായി മന്ത്രിയാകുന്നത്. പിന്നീട് പല മന്ത്രിസഭകളില്‍ ആഭ്യന്തര, ധനകാര്യവകുപ്പുകള്‍ കൈകാര്യം ചെയ്തു. 2004ല്‍ ആന്‍റണി രാജിവെച്ചതിന് പിന്നാലെ മുഖ്യമന്ത്രിയായി. 2006 മുതല്‍ 11 വരെ പ്രതിപക്ഷനേതാവ്. 2011 – 16 കാലത്ത് വീണ്ടും മുഖ്യമന്ത്രി. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിനായി ഉമ്മന്‍ ചാണ്ടി സജീവമായി രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *