ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി 30 ന്

ലക്‌നൗ: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഈ മാസം 30 ന് കോടതി വിധി പറയും. ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിക്കുക. വിധി പുറപ്പെടുവിക്കുന്ന ദിവസം മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി ഉള്‍പ്പെടെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.

അദ്വാനിക്ക് പുറമെ ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, വിനയ് കത്യാര്‍, സാധ്വി റിതംബര, രാം വിലാസ് വേദാന്തി, മഹന്ത് നൃത്യഗോപാല്‍ ദാസ് തുടങ്ങി 32 പേരാണ് കേസിലെ പ്രതികള്‍. എല്ലാദിവസവും വിചാരണ നടത്തി ആഗസ്റ്റ് 31 നകം വിധി പ്രസ്താവിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ വിചാരണ അന്തിമഘട്ടത്തിലാണെന്നും, ലോക്ഡൗണ്‍ അടക്കമുള്ള കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സെപ്തംബര്‍ 30 വരെ വിചാരണ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കാന്‍ സമയം നീട്ടിനല്‍കുകയായിരുന്നു. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ത്തത്.

Leave a Reply

Your email address will not be published. Required fields are marked *