സമരത്തിന്റെ പേരിൽ സമരാഭാസം നടക്കുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു മുന്നിലടക്കം സമരത്തിന്റെ പേരിൽ സമരാഭാസം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.

കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന പ്രവർത്തനങ്ങൾ നടത്തിയാൽ അത് അംഗീകരിക്കാനാകില്ല. കോവിഡ് വ്യാപിക്കുന്നത് തടയുന്നത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ നടപടികളിലൂടെ സമരത്തെ നിയന്ത്രിച്ചാൽ ആരോഗ്യകരമാകില്ല. സമരത്തിൽ പങ്കെടുക്കുന്നവർ തന്നെ നിയന്ത്രണം ഏർപ്പെടുത്തണം. സമരങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നില്ല. എങ്ങനെയെങ്കിലും കോവിഡ് പടർന്നോട്ടെ എന്നു പറഞ്ഞ് ആൾകൂട്ടം സൃഷ്ടിക്കാനുള്ള ശ്രമം നടന്നപ്പോൾ ഹൈക്കോടതി അതിനെ വിലക്കിയിരുന്ന കാര്യം മുഖ്യമന്ത്രി ഓർമിപ്പിച്ചു. എന്നാൽ അതൊന്നും തങ്ങൾക്കു ബാധകമല്ല എന്ന നിലയാണ്.

മാസ്ക് ധരിക്കാതെ, ശാരീരിക അകലം പാലിക്കാതെ പൊതുസ്ഥലത്ത് ഇടപഴകാൻ നിയമപ്രകാരം ആർക്കും അനുവാദമില്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലീസിനു നേരെ സമരക്കാർ ചീറിയടുക്കുകയാണ്. സ്വന്തം സുരക്ഷ മാത്രമല്ല, നാടിന്റെ സുരക്ഷയാണ് അവർ നശിപ്പിക്കുന്നത്. ഒരു കാരണവശാലും അത്തരം നീക്കം അനുവദിക്കാനാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തിൽ സമരം ഒഴിവാക്കാനാകില്ല. സമരത്തിനു സർക്കാർ എതിരുമല്ല. കോവിഡ് പ്രതിരോധം തകർക്കാനും, സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പ് അട്ടിമറിക്കാനും ശ്രമിച്ചാൽ അത് തടയുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി പന്താടാനുള്ളതല്ല ജനങ്ങളുടെ ജീവിതം. അത്തരം പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളും പങ്കാളികളാകുന്നത് നല്ലതല്ല. കോവിഡ് ജോലികൾക്കു സന്നദ്ധപ്രവർത്തകരെ വോളന്റിയർമാരാക്കിയിരുന്നു. ധാരാളം സന്നദ്ധപ്രവർത്തകരെ ഇനിയും പൊലീസിന് ആവശ്യമുണ്ട്. ചെറുപ്പക്കാർ അതിനായി സ്വയം മുന്നോട്ടു വരണം. സന്നദ്ധപ്രവർത്തകർക്കു കഴിവും പരിചയ സമ്പത്തും രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകും. ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ എന്നിവ പ്രചരിപ്പിക്കുന്നതിനുള്ള ക്യാംപയിൻ പൊലീസ് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *