ക്ലീൻ ചിറ്റില്ല; ജലീലിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മന്ത്രി കെ.ടി. ജലീലിന് ക്ലീൻ ചിറ്റില്ല. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മേധാവിയുടെ സ്ഥിരീകരണം. മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന മട്ടിൽ വരുന്ന വാർത്തകളെ നിഷേധിച്ചു കൊണ്ടാണ് ഇഡി മേധാവി ഇക്കാര്യം അറിയിച്ചത്.

മന്ത്രിക്കെതിരായ ചോദ്യം ചെയ്യൽ അവസാനിച്ചിട്ടില്ലെന്നു മാത്രമല്ല, അദ്ദേഹം അന്വേഷണ പരിധിയിലാണെന്നും ഇഡി വ്യക്തമാക്കി. നിലവിൽ മന്ത്രിയിൽനിന്നു ലഭിച്ച മൊഴി വിലയിരുത്തിയ ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുക.

മന്ത്രി ഇ.പി. ജയരാജന്റെ മകനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിനു പിന്നാലെ അന്വേഷണ സംഘങ്ങൾ ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ വിവരങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ ഇഡി വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

മന്ത്രിയുടെ സ്വകാര്യ സ്വത്ത് സമ്പാദനത്തിനു പുറമേ മതഗ്രന്ഥങ്ങൾ എന്ന പേരിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തത വരാനുള്ള സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞയാഴ്ച മന്ത്രിയെ വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാവിലെ മുതൽ ഉച്ചവരെയും ചോദ്യം ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ജലീലിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയാനാണ് മന്ത്രിയെ ഇഡി വിളിച്ചത് എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ലെന്നും നയതന്ത്ര ബാഗേജുകൾ വഴി സ്വർണം കടത്തിയോ എന്നത് ഉൾപ്പടെയുള്ള വിവരങ്ങളാണ് മന്ത്രിയിൽ നിന്ന് ഇഡി ചോദിച്ച് അറിയുന്നത് എന്നാണ് വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *