ശബരിമല: രാഹുല്‍ഗാന്ധിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ കെപിസിസിയുടെ നിലപാട് തള്ളി, സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനെ അനുകൂലിക്കുന്നുവെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിലപാടെടുത്തതു സ്വാഗതാര്‍ഹമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് പിണറായി ഇങ്ങനെ പറഞ്ഞത്.


അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും അധ്യക്ഷന്റെയും അഭിപ്രായം കേരളത്തിലെ കോണ്‍ഗ്രസിന് ഇല്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനം അവര്‍ എത്തിനില്‍ക്കുന്ന ജനാധിപത്യവിരുദ്ധമായ സമീപനത്തിന്റെ ദൃഷ്ടാന്തം കൂടിയാണെന്നും മുഖ്യമന്ത്രി കുറിച്ചു.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗം യാഥാസ്ഥിതിക നിലപാട് സ്വീകരിച്ചുവരികയാണ്. ആ നിലപാട് ബിജെപിയെ സഹായിക്കാന്‍ മാത്രമേ ഇടയാക്കൂ. പാരമ്പര്യങ്ങളെ നിഷേധിച്ചുകൊണ്ട് സംഘപരിവാര്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളുമായി സമരസപ്പെടുന്ന അപകടകരമായ നിലപാടാണു കേരളത്തിലെ കോണ്‍ഗ്രസിന്റെ സമീപനത്തില്‍ പ്രതിഫലിക്കുന്നതെന്നും പിണറായി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *