സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എൻ ആർ ഐ സീറ്റുകൾ ഒഴിച്ചിടരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എൻ.ആർ.ഐ സീറ്റുകൾ വിദ്യാർത്ഥികളെ ലഭിക്കാതെ ഒഴിച്ചിടുകയോ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകരുതെന്ന് സുപ്രീം കോടതി. കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ ഇല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എൻ.ആർ.ഐ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്നവർ ബാങ്ക് ഗ്യാരന്റി നൽകേണ്ടെന്ന് സംസ്ഥാന സർക്കാർ ഇത്തവണ ഉത്തരവിലൂടെ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികളുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ബാങ്ക് ഗ്യാരന്റി ചോദ്യം ചെയ്തുള്ള ഹർജികളിൽ കോടതിയുടെ അന്തിമ തീർപ്പ് മാനേജ്മെന്റുകൾക്ക് അനുകൂലമാണെങ്കിൽ ഗ്യാരന്റി നൽകേണ്ടി വരുമെന്ന് വിദ്യാർത്ഥികളെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. സംസ്ഥാന സർക്കാരാണ് ഇക്കാര്യം അറിയിക്കേണ്ടത്. എന്നാൽ കോടതി അന്തിമ തീരുമാനമെടുക്കുന്നത് വരെ ഗ്യാരന്റി നൽകേണ്ടി വരില്ല.

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 15 ശതമാനം സീറ്റുകളാണ് എൻ.ആർ.ഐ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി മാറ്റിവച്ചിരിക്കുന്നത്. ഹർജികളിൽ ഒക്‌ടോബർ 31നായിരിക്കും അന്തിമവാദം കേൾക്കുക. വീഡിയോ കോൺഫറൻസിലൂടെ അന്തിമ വാദം കേൾക്കുന്നതിൽ എതിർപ്പില്ലെന്ന് മാനേജ്‌മെന്റുകൾ കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോൺസൽ ജി പ്രകാശ് എന്നിവരാണ് ഹാജരായത്. മാനേജ്മെന്റുകൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ശ്യാം ദിവാൻ, അഭിഭാഷകൻ സുൽഫിക്കർ അലി എന്നിവർ ഹാജരായി. വിദ്യാർത്ഥികൾക്ക് വേണ്ടി അഭിഭാഷകൻ രമേശ് ബാബുവാണ് കോടതിയിൽ ഹാജരായത്

Leave a Reply

Your email address will not be published. Required fields are marked *