പോക്‌സോ കേസുകൾ: മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി. കേസുകളുടെ ഏകോപനത്തിനു എല്ലാ ജില്ലകളിലും വനിതാ ഐപിഎസ് ഓഫിസറെ നിയമിക്കണമെന്നതാണ് പ്രധാന നിർദേശം. മാനസിക ശാരീരിക ക്ഷമത കൈവരിക്കാതെ ഇരകളുടെ മൊഴി രേഖപ്പെടുത്തരുതെന്ന് കോടതി നിർദേശിച്ചു.

പോക്‌സോ കേസുകളുടെ നടത്തിപ്പിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിൽ ആണ് ഹൈക്കോടതി മാർഗരേഖ പുറപ്പെടുവിച്ചത്. എല്ലാ ജില്ലകളിലും വനിത ഐപിഎസ് ഓഫിസർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം. കുറ്റപത്രം സമർപ്പിക്കും മുമ്പ് എല്ലാ തെളിവുകളും ശേഖരിച്ചുവെന്ന് ഉറപ്പ് വരുത്തണമെന്നും മാർഗരേഖ വ്യക്തമാക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥനു ബാലനീതി നിയമത്തിൽ വ്യക്തമായ ധാരണ ഉണ്ടാകണം. ഇതിനു പുറമെ പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പുകളുടെ ഏകോപനത്തിനു നോഡൽ ഓഫിസറെ നിയമിക്കണം. പൊലീസുകാർക്ക് നോഡൽ ഓഫിസർ പരിശീലനം നൽകണം. ഹൈക്കോടതി റജിസ്ട്രാർ നോഡൽ ഓഫിസറുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

കേസുകളിൽ ഇരകളെ സഹായിക്കുന്നതിന് സുപ്രീം കോടതി നിർദേശം അനുസരിച്ചുള്ള ആശ്രയ കേന്ദ്രങ്ങൾ സ്ഥാപിക്കണം. ഫോറൻസിക് ലാബുകളിലെ ഒഴിവുകൾ അടിയന്തരമായി നികത്തണം. കഴിവുള്ളവരെ സ്പെഷൽ പ്രോസിക്യൂട്ടർ ആയി നിയമിക്കണം. പ്രോസിക്യൂട്ടർമാർക്ക് ആവശ്യമായ പരിശീലനം നൽകണം തുടങ്ങിയവയാണ് ഹൈക്കോടതിയുടെ മറ്റു പ്രധാന നിർദേശങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *