ബിനീഷ് കോടിയേരിയെ 12 മണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. ചോദ്യംചെയ്യല്‍ 12 മണിക്കൂറിലധികം നീണ്ടു. കേസിലെ പ്രതികളുമായുള്ള പണമിടപാടുകളാണ് ബിനീഷില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദിച്ചറിഞ്ഞത്.

തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്ത് സംഘം ഫണ്ട് കണ്ടെത്താൻ ബംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുടെ സഹായം തേടിയതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. മുഖ്യ സൂത്രധാരനായ കെ.ടി റമീസ് വഴിയായിരുന്നു ഈ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടത്. കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് ഉൾപ്പെട്ട മയക്ക് മരുന്ന് റാക്കറ്റ് ബെംഗളൂരുവിൽ പിടിയിലായ ശേഷമുള്ള ചോദ്യം ചെയ്യലിൽ കെ ടി റമീസുമായും ബിനീഷ് കോടിയേരിയുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് മനസ്സിലായി.

ബിനീഷ് തന്‍റെ ഹോട്ടൽ തുടങ്ങാൻ 6 ലക്ഷം രൂപ സഹായിച്ചിട്ടുണ്ടെന്നും അനൂപ് മൊഴി നൽകി. പിന്നീട് ബെംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത വിവരവും പുറത്ത് വന്നു. എന്നാൽ വാർഷിക റീട്ടേണുകൾ സമർപ്പിക്കാത്തതിനെ തു‍ടർന്ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം കമ്പനിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിംഗ് പേയ്മെന്‍റുകൾക്കായി ചുമതലപ്പെടുത്തിയിരുന്ന യുഎഎഫ്എക്സ് എന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഈ കമ്പനിയെ കോൺസുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിനീഷിനെ ഇ.ഡി ചോദ്യംചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *