കോവിഡ് രോഗികളിൽ ലോകത്ത് ഇന്ത്യ രണ്ടാമത്

കോവിഡ് രോഗികളിൽ ലോകത്ത് ഇന്ത്യ രണ്ടാം സ്ഥാനത്ത്.  ബ്രസീലിനെ മറികടന്നാണ് ഇന്ത്യ കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമതെത്തിയത്. ഇന്ത്യയ്ക്കു മുന്നില്‍ ഇനി യുഎസ് മാത്രം.

സെപ്റ്റംബർ 7 രാവിലെ വരെയുള്ള കേന്ദ്ര ആരോഗ്യവകുപ്പ് കണക്കു പ്രകാരം ഇന്ത്യയിൽ ആകെ 42,04,613 പേർക്കാണ് കോവിഡ് ബാധിച്ചത്. ബ്രസീലിൽ ഇതുവരെ 41,37,606 പേർക്കും രോഗം ബാധിച്ചു. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ പക്ഷേ ഇന്ത്യയിൽ 10 ലക്ഷം പേരിൽ 2976 പേർക്കു മാത്രമേ രോഗം ബാധിച്ചിട്ടുള്ളൂ. ബ്രസീലിലാകട്ടെ അത് 10 ലക്ഷത്തിന് 19,372 പേർ എന്ന കണക്കിലാണ്. 21.28 കോടിയാണ് ബ്രസീലിലെ ജനസംഖ്യ. ഇന്ത്യയിലേത് 138.25 കോടിയും. ലോകത്ത് ഏറ്റവും വേഗത്തിൽ പ്രതിദിന രോഗികൾ കൂടുന്നതും ഇന്ത്യയിലാണ്.

ഫെബ്രുവരി 25ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 190 ദിവസമെടുത്താണ് ബ്രസീലിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നത്. ജനുവരി 30ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് ഇന്ത്യ 40 ലക്ഷമെന്ന സംഖ്യയിലേക്ക് എത്താനെടുത്തത് 219 ദിവസവും. ഇന്ത്യയും ബ്രസീലും തമ്മിൽ ആകെ രോഗികളിൽ നിലവിൽ 67,007 എണ്ണത്തിന്റെ വ്യത്യാസമേയുള്ളൂ. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള യുഎസുമായി ഇന്ത്യയ്ക്ക് 22,55,637 രോഗികളുടെ വ്യത്യാസമുണ്ട്. 64,60,250 പേർക്കാണ് യുഎസിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *