സ്വപ്‌നയുടെ മൊഴി ചോര്‍ന്നത് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ മൊബൈലില്‍ നിന്ന്‌: ഐ.ബി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ മൊഴി ചോര്‍ന്നത് കസ്റ്റംസില്‍ നിന്നെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച മൊഴിയാണ് പുറത്തുവന്നത്. ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലുളള മൊബൈലില്‍ നിന്നാണ് മൊഴിപ്പകര്‍പ്പിന്റെ ചിത്രം പുറത്തായത്.

മൊഴി ചോര്‍ന്നതിന്റെ പേരില്‍ അന്വേഷണസംഘത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയ അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.എസ്.ദേവിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് ഐ.ബി നല്‍കിയിരിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ മൊഴിയെടുത്തത് കസ്റ്റംസിലെ മൂന്നംഗ അന്വേഷണ സംഘമായിരുന്നു. അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുളള മൂന്നംഗ സംഘത്തില്‍ രണ്ടു പേര്‍ പുരുഷന്മാരും ഒരാള്‍ വനിതയുമായിരുന്നു. ഇതില്‍ അന്വേഷണസംഘത്തെ നയിച്ച ഉദ്യോഗസ്ഥനെതിരെയാണ് ഐ.ബി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

സ്വപ്‌നയുടെ മൊഴിയെടുത്ത അതേ ദിവസം തന്നെയാണ് മൊഴിപ്പകര്‍പ്പിന്റെ ചിത്രം ഉദ്യോഗസ്ഥന്‍ മൊബൈലില്‍ പകര്‍ത്തിയത്. സ്വന്തം മൊബൈലില്‍ ചിത്രീകരിച്ച മൊഴി പകര്‍പ്പ് പിന്നീട് ഉദ്യോഗസ്ഥന്‍ ബ്ലൂടൂത്ത് ഉപയോഗിച്ച്‌ ഭാര്യയുടെ പേരിലുളള മൊബൈല്‍ നമ്ബറിലേക്ക് മാറ്റുകയും അതില്‍ നിന്ന് പുറത്തേക്ക് പോകുകയായിരുന്നുവെന്നുമാണ് അന്വേഷണത്തില്‍ ഐ.ബി കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിന് ഐ.ബി കൈമാറിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും. നടപടി എന്താകണമെന്നതു സംബന്ധിച്ച്‌ കസ്റ്റംസിന്റെ കേന്ദ്രതലത്തിലുളള ഉദ്യോഗസ്ഥരുമായി സുമിത് കുമാര്‍ ചര്‍ച്ച നടത്തിവരികയാണെന്നാണ് വിവരം.

പുറത്തുവന്ന ചിത്രം വിശദമായ ഡിജിറ്റല്‍ പരിശോധയ്ക്ക് വിധേയമാക്കിയിരുന്നു. ഏതു മൊബൈലിലാണ് ചിത്രം പകര്‍ത്തിയത് അതിന്റെ ഐ.എം.ഇ. നമ്ബര്‍, ഏതുവിധത്തിലാണ് ഇത് അയച്ചത് തുടങ്ങിയ എല്ലാ വിശദാംശങ്ങളും ഡിജിറ്റല്‍ പരിശോധനയിലൂടെ മനസിലാക്കിയാണ് ഐ.ബി റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *