സ്വര്‍ണക്കത്ത് കേസ്‌: എൻഐഎ സംഘം സെക്രട്ടറിയേ‌‌റ്റിൽ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കൂടുതൽ പരിശോധനകൾക്കായി ദേശീയാന്വേഷണ ഏജൻസി സംഘം സെക്രട്ടറിയേ‌‌റ്റിൽ. എൻഐഎ അസിസ്‌റ്റന്റ് പ്രോഗ്രാമർ വിനോദിന്റെ നേതൃത്വത്തിലാണ് പരിശോധന. ഐ.ടി സെക്രട്ടറി മുഹമ്മദ്.വി.സഫിറുള‌ളയുടെ സാന്നിദ്ധ്യത്തിലാണ് അന്വേഷണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്ന സെർവറുകളുള‌ള പൊതുഭരണവകുപ്പ് സെർവർ റൂമിലാണ് സംഘം ആദ്യം പരിശോധന നടത്തിയത്.

എം.ശിവശങ്കറിന്റെ ഓഫീസ് സ്ഥിതിചെയ്‌തിരുന്ന സെക്രട്ടറിയേ‌‌റ്റിലെ നോർത്ത് ബ്ളോക്കിലെ സിസിടിവികളിലെ ദൃശ്യങ്ങളും സംഘം പരിശോധിച്ചു. മ‌റ്റ് സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിക്കുകയാണ്.

എൻ.ഐ.എ സംഘം ഈ സെർവറിലെ ആവശ്യമായ ദൃശ്യങ്ങൾ മാത്രം ശേഖരിക്കും. 2019 ജൂലായ് മുതലുള‌ള ദൃശ്യങ്ങൾ ഇങ്ങനെ ശേഖരിക്കുമെന്നാണ് അറിയുന്നത്. തങ്ങൾക്ക് ആവശ്യമായ ദൃശ്യങ്ങൾ നൽകണമെന്ന എൻ.ഐ.എ സംഘത്തിന്റെ ആവശ്യത്തോട് ഇവ ശേഖരിക്കാൻ 400 ടിബി ഹാർഡ് ഡിസ്‌ക് വേണമെന്നാണ് പൊതുഭരണ വകുപ്പ് ആവശ്യപ്പെട്ടത്. ഇത് ഓർഡർ ചെയ്‌ത് വിദേശത്ത് നിന്നും ലഭ്യമാക്കാൻ കാലതാമസം വരുമെന്നതിനാലാണ് എൻ.ഐ.എ സംഘത്തിന് ദൃശ്യങ്ങൾ പരിശോധിക്കാൻ പൊതുഭരണ വകുപ്പ് അനുമതി നൽകിയത്.

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും സരിത്തിനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇവർ സെക്രട്ടറിയേ‌റ്റ് പരിസരത്ത് എത്ര തവണ എത്തിയെന്നത് ഉറപ്പിക്കുന്നതിന് കൂടിയാണ് സംഘം പരിശോധന നടത്തുന്നത്. വിവിധ മന്ത്രിമാരുടെ ഓഫീസുകളിൽ സ്വപ്‌ന ഉൾപ്പടെ പ്രതികൾ എത്തിയെന്ന് എൻ.ഐ.എ സംഘം ഉറപ്പിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *