ബവ്ക്യു ആപ്പില്‍: ഇഷ്ടമുളള ഔട്ട്‌ലെറ്റ് തിരഞ്ഞെടുക്കാം

തിരുവനന്തപുരം∙ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള മദ്യ ഔട്ട്ലറ്റ് തിരഞ്ഞെടുക്കുന്ന രീതിയില്‍ ബവ്ക്യൂ ആപ്പ് പരിഷ്കരിച്ചു. ഉപഭോക്താവ് നല്‍കുന്ന പിന്‍കോഡിന് അനുസരിച്ച്‌ മദ്യശാലകള്‍ ആപ്പ് നിര്‍ദേശിക്കുന്ന രീതിയായിരുന്നു ഇതുവരെ. ഗൂഗിളിന്റെയും ആപ്പിളിന്റെയും അനുമതി ലഭിച്ചാല്‍ പുതിയ പരിഷ്ക്കാരങ്ങള്‍ നാളെ മുതല്‍ നടപ്പിലാകും. ഓണക്കാലം കഴിഞ്ഞാലും ഈ രീതി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഉപഭോക്താവ് ബവ്ക്യൂ ആപ്പില്‍ പിന്‍കോഡ് കൊടുക്കുന്ന സമയത്ത് പിന്‍കോഡിന്റെ ദൂരത്തില്‍ വരുന്ന ബാര്‍, ബവ്റിജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലറ്റുകളുടെ വിവരങ്ങള്‍ കാണാന്‍ കഴിയും. ഉപഭോക്താവിന്റെ സൗകര്യമനുസരിച്ച്‌ ഇതില്‍ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. ആപ്പില്‍ പിന്‍കോഡ് ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്താല്‍ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. ഉപഭോക്താവിന് ഇനി ഏതു സമയത്തും പിന്‍കോഡ് മാറ്റാന്‍ കഴിയും. ബുക്കിങ് സമയം ആപ്പായിരിക്കും തുടര്‍ന്നും നിശ്ചയിക്കുന്നത്.

മാറ്റങ്ങള്‍ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നു കമ്ബനി അധികൃതര്‍ അറിയിച്ചു. ഗൂഗിള്‍ അനുമതി ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷ. ആപ് സ്റ്റോറിലും ബീറ്റ അപ്രൂവല്‍ കിട്ടി. ഇനി പ്രൊഡക്‌ഷന്‍ അപ്രൂവല്‍ കിട്ടണം. പുതിയ മാറ്റങ്ങള്‍ വരുന്നതോടെ ഉപഭോക്താക്കള്‍ കൂടുമെന്നു ബവ്ക്യൂ ആപ്പ് നിര്‍മാതാക്കള്‍ പറയുന്നു.

പ്രതിദിനം ഒരു ലക്ഷംവരെ ഉപഭോക്താക്കള്‍ വര്‍ധിക്കുമെന്നാണു കണക്കുകൂട്ടല്‍. ഇന്നലെ 2.80 ലക്ഷം ടോക്കണുകള്‍ വിതരണം ചെയ്തു. ഓണക്കാലത്ത് പ്രതിദിനം 4 ലക്ഷം ബുക്കിങ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു ഔട്ട്ലറ്റില്‍ ദിവസേന 800 പേര്‍ക്ക് മദ്യം വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *