കെ.ടി. ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുര: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.

മന്ത്രി കെ.ടി. ജലീലിനെതിരായ ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. യുഎഇ കോൺസുലേറ്റ് കെ.ടി. ജലീലുമായി ഇടപെട്ടതിൽ അസ്വാഭാവികമായി ഒന്നുമില്ല. ജലീൽ അങ്ങോട്ടല്ല, കോൺസുലേറ്റ് ജനറൽ ജലീലിനെ വിളിച്ചാണു സംസാരിച്ചത്. ഭക്ഷണകിറ്റുകളും ഖുർആൻ പായ്ക്കറ്റുകളും കോൺസുലേറ്റ് ജനറൽ ഉണ്ടെന്ന് അറിയിച്ചു. നയതന്ത്ര കാര്യങ്ങൾ സംസാരിക്കുകയോ, സംഭാവനകൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ജലീലിനെ വിളിച്ചത് അദ്ദേഹം ന്യൂനപക്ഷ– വഖഫ് കാര്യ മന്ത്രിയായതുകൊണ്ടാണ്.

യുഎഇ കോൺസുലേറ്റുകൾ ലോകമെമ്പാടും ഇത്തരം കാര്യങ്ങൾ ചെയ്യാറുണ്ട്. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്ത ജലീലിന്റെ നിലപാട് വിശ്വാസത്തിലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന് അവരിൽ തന്നെയാണ് അവിശ്വാസമെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. ആരിലാണ് അവിശ്വാസം, എന്തിനാണ് അവിശ്വാസം. കോൺഗ്രസ് അടിത്തറയ്ക്കു മേൽ മേൽ‌ക്കൂര നിലംപൊത്തിയ കെട്ടിടം പോലെയാണ്– മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ് അടിമുടി ബിജെപിയാകാൻ കാത്തിരിക്കുന്ന കൂട്ടമായി മാറി. കോൺഗ്രസ് നേതാക്കൾ പരസ്പരം ബിജെപി ഏജന്റുമാരെന്നു വിശേഷിപ്പിക്കുന്നു. നേതാവിനെ തിരഞ്ഞെടുക്കാൻ കെൽപില്ലാത്ത പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചു. ജനങ്ങൾക്കു സർക്കാരിനെ വിശ്വാസമുണ്ട്. 91 സീറ്റ് 93 ആയത് ജനങ്ങൾക്കു സർക്കാരിലുള്ള വിശ്വാസം വർധിച്ചതിനു തെളിവാണ്. യുഡിഎഫിന് ജനങ്ങളിൽ വിശ്വാസമില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സർക്കാർ പണം ധൂർത്തടിക്കുന്നെന്ന പ്രചാരണം വ്യാജമാണ്. 2016–2019 കാലത്ത് റവന്യൂചെലവ് 11.95 ശതമാനമായി കുറഞ്ഞു. വാഗ്ദാനങ്ങളുടെ പൂർത്തീകരണം വിശദമാക്കി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് ഉണ്ട്. 600 വാഗ്ദാനങ്ങളിൽ മുപ്പതോളം മാത്രമേ ഇനി പൂർത്തിയാകാനുള്ളൂ. അവശേഷിച്ച വാഗ്ദാനങ്ങൾ കാലാവധി പൂർത്തിയാകും മുൻപ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *