ചൈനീസ് അതിക്രമം തടയാനുള്ള മാർഗം സൈന്യത്തിന്റെ മുന്നിലുണ്ട്: ജനറൽ ബിപിൻ റാവത്ത്

ന്യൂഡൽഹി: അതിർത്തിയിലെ ചൈനീസ് അതിക്രമം തടയാനുള്ള സൈനിക മാർഗം ഇന്ത്യൻ സൈന്യത്തിന്റെ മുന്നിൽ തന്നെയുണ്ടെന്ന് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. നിയന്ത്രണ രേഖയിലെ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ ചൈനയ്ക്ക് എതിരെ സൈനിക നീക്കം നടത്തുമെന്ന സൂചനയും റാവത്ത് നൽകി. ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ ദൗർബല്യമായി കാണേണ്ടതില്ലെന്നും റാവത്ത് പറഞ്ഞു.

രണ്ട് സൈന്യങ്ങളുടെയും മേധാവികൾ തമ്മിലുള്ള കമാണ്ടർ തല ചർച്ചയും നയതന്ത്ര മാർഗവും പരാജയപ്പെട്ടാൽ മാത്രമേ സൈനിക മാർഗം പരിഗണിക്കുവെന്നും ബിപിൻ റാവത്ത് പറഞ്ഞു. യഥാർത്ഥ നിയന്ത്രണ രേഖയിൽ സംഘർഷങ്ങൾ സംഭവിക്കുന്നത് അതിർത്തി മേഖലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടാണ്. കൃത്യമായി അതിർത്തി നിശ്ചയിക്കാൻ സാധിക്കാത്ത നിരവധി പ്രദേശങ്ങൾ നമുക്കുണ്ട്. അത്തരം പ്രദേശങ്ങളിൽ പ്രശ്നപരിഹാരത്തിന് ചർച്ച തന്നെയാണ് നല്ലത്. ചർച്ചകളിലുടെ പിൻമാറ്റം തീരുമാനിക്കൽ തന്നെയാണ് ഉചിതവും അദ്ദേഹം പറഞ്ഞു.

അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. സൈനിക നീക്കത്തിന് ഏത് സമയവും സൈന്യം തയാറാണ്. പ്രതികൂല കാലാവസ്ഥലയിലും നിയന്ത്രണ രേഖയിൽ സ്ഥാനം ഉറപ്പിക്കാൻ സൈന്യത്തിനു കഴിയുമെന്നും ജനറൽ റാവത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *