വിമാനത്താവളം: ക്രിമിനല്‍ ഗൂഢാലോചനയെന്ന് ചെന്നിത്തല

തിരുവനന്തപുരം:  വിമാനത്താവള നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ അദാനിയെ പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി പിന്തുണക്കുകയും ചെയ്യുകയാണ്. വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നു. അദാനി ഗ്രൂപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.

വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരായ സംയുക്ത പ്രമേയം പ്രതിപക്ഷം പ്രതിഷേധത്തോടെ പിന്തുണച്ചു. ന്യായമായ കാര്യങ്ങള്‍ക്ക് പ്രതിപക്ഷം കൂടെ നില്‍ക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എവിടെയാണ് പ്രതിപക്ഷം കൂടെ നില്‍ക്കാത്തതെന്ന് മുഖ്യമന്ത്രി പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ നിയമോപദേശം തേടാന്‍ കമ്പനിയെ തെരഞ്ഞെടുത്തത് ടെന്‍ററില്ലാതെയാണ്. കരിമ്പട്ടികയിലുള്ള കെപിഎംജിയെ കണ്‍സള്‍ട്ടന്‍റാക്കി. എങ്ങനെയാണ് മംഗള്‍ദാസ് കമ്പനിയെ തെരഞ്ഞെടുത്തത്? അദാനിയോടുള്ള സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണ്. അദാനിയോട് ബന്ധമുള്ള കമ്പനിയോട് നിയമോപദേശം തേടിയത് ആരാണ്? പരിചയമുള്ള സിയാലിനെ എന്തുകൊണ്ട് കണ്‍സള്‍ട്ടന്‍റായി നിയമിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *