ഇറാനെതിരേ ഉപരോധം: അമേരിക്കക്ക് രക്ഷാസമിതിയില്‍ ദയനീയ പരാജയം

ന്യൂയോര്‍ക്ക്‌: ഇറാനെതിരേ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം യു.എന്‍ രക്ഷാസമിതിയില്‍ ദയനീയമായി പരാജയപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളും ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ തീരുമാനത്തിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും അമേരിക്കക്ക് എതിരെ വോട്ടുചെയ്തു.

2015ല്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളുമായി ചേര്‍ന്ന് ഒപ്പുവച്ച കരാര്‍ ലംഘിച്ച് ഇറാന്‍ ആണവായുധം വികസിപ്പിച്ചെന്ന് ആരോപിച്ചാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്ന പ്രമേയം അവതരിപ്പിച്ചത്. ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം 2018ല്‍ അമേരിക്ക കരാറില്‍നിന്ന് പിന്‍മാറുകയായിരുന്നു. കരാറിന് മുമ്പുണ്ടായിരുന്ന ആയുധ ഉപരോധ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടണമെന്ന് രക്ഷാസമിതിയില്‍ അമേരിക്കയുടെ ആവശ്യപ്പെട്ടത്.

ജോയൻറ്​ കോംപ്രഹെൻസിവ്​ പ്ലാൻ ഓഫ്​ ആക്​ഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഇറാൻ ആണവ കരാറിനൊപ്പമാണ്​ തങ്ങളെന്നും അമേരിക്കയുടെ നീക്കത്തെ തള്ളിക്കളയുന്നതായും ഫ്രാൻസ്​, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്​താവനയിൽ വ്യക്​തമാക്കി. 2018 മേയ്​ എട്ടിന്​ പിൻവാങ്ങിയതോടെ അമേരിക്ക കരാറിന്റെ ഭാഗമല്ലാതായി മാറിയതായും മൂന്നു രാജ്യങ്ങളും വ്യക്തമാക്കി. അമേരിക്കയുടെ നിലപാട്​ അംഗീകരിക്കില്ലെന്ന്​ ചൈന നേരത്തേ വ്യക്തമാക്കിയിരുന്നു.

തങ്ങൾക്ക്​ തോന്നുന്നതുപോലെ കരാറുകൾ ഉപേക്ഷിക്കുകയും അതിന്റെ നേട്ടങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അമേരിക്കയുടെയും അന്താരാഷ്​ട്ര നിയമങ്ങളും നയതന്ത്ര മര്യാദകളും പാലിക്കുന്ന മറ്റൊരു ​ലോകവുമാണ്​ ഇപ്പോഴുള്ളതെന്ന്​ യു.എന്നിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡർ ദിമിത്രി പോളിൻസ്​കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *