മെഡിക്കൽ -എൻജിനിയറിംഗ് പരീക്ഷ മാറ്റില്ല

ന്യൂഡൽഹി: ഇത്തവണത്തെ മെഡിക്കൽ -എൻജിനിയറിംഗ് പരീക്ഷമാറ്റിവയ്ക്കാൻ സാദ്ധ്യതയില്ല. ജെ.ഇ.ഇ , നീറ്റ് പരീക്ഷകൾ നടത്തുന്നതിന്റെ പ്രധാന്യം ചൂണ്ടിക്കാട്ടി സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയിട്ടുളളത്. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പരീക്ഷകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

കൊവിഡ് വ്യാപനം മൂലം ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ പരീക്ഷ കേന്ദ്രങ്ങൾ മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് ചുരുക്കം ചില പരാതികൾ ലഭിച്ചതായും എൻ.ടി.എ പറഞ്ഞു. 8,58,273 വിദ്യാർത്ഥികളിൽ ഇതുവരെ 6,49,223 പേർ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട് .99.07 ശതമാനം വിദ്യാർത്ഥികൾക്കും അവർ ആവശ്യപ്പെട്ട കേന്ദ്രങ്ങളിൽ തന്നെ പരീക്ഷ എഴുതാനായി അനുവദിച്ചു നൽകിയിട്ടുണ്ട്. അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും മാറ്റം വരുത്താൻ 120 വിദ്യാർത്ഥികൾ മാത്രമാണ് അഭ്യർത്ഥിച്ചിട്ടുളളത്.ജെ.ഇ.ഇ,നീറ്റ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് അഞ്ച് തവണ പരീക്ഷ എഴുതേണ്ട നഗരം മാറ്റാമെന്നും അധികൃതർ അറിയിച്ചു.

പരീക്ഷയ്ക്ക് മുമ്പും ശേഷവും പരീക്ഷാ കേന്ദ്രങ്ങൾ ശുചീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. കൊവിഡ് പ്രതിരോധത്തിനായി പരീക്ഷാ കേന്ദ്രത്തിലെത്തുന്ന എല്ലാവർക്കും മാസ്കുകൾ കെെയുറകൾ എന്നിവ വിതരണം ചെയ്യും. പൂർണമായും സാമൂഹിക അകലം പാലിച്ച് മാത്രമാണ് പരീക്ഷകൾ നടത്തുകയെന്നും അധികൃതർ അറിയിച്ചു. സെപ്റ്റംബർ 13നാണ് നീറ്റ് പരീക്ഷ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *