കവിയൂര്‍ കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍

കൊച്ചി: കവിയൂര്‍ കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍. നിലവില്‍ നാല് തവണ അന്വേഷണം നടത്തിയെന്നും കേസില്‍ വിഐപി ബന്ധം കണ്ടെത്താനായില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. കഴിഞ്ഞ ജനുവരിയിലാണ് തിരുവനന്തപുരം സി.ബി.ഐ. കോടതി കവിയൂര്‍കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. നാലാം തവണയും സി.ബി.ഐ. സംഘം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ കേസില്‍ ഇനിയും അന്വേഷണം നടത്തിയിട്ട് കാര്യമില്ലെന്നാണ് സി.ബി.ഐ.യുടെ നിലപാട്.

കേസില്‍ വി.ഐ.പികൾ ഇല്ലെന്നും വി.ഐ.പി. ആരോപണം അന്വേഷിച്ച് തള്ളിയതാണെന്നും സി.ബി.ഐ. പറയുന്നു. പെണ്‍കുട്ടി മരണത്തിന് മുമ്പ് വീട് വിട്ട് പോയിട്ടില്ല. ലതാനായര്‍ പെണ്‍കുട്ടിയെ ഒരിടത്തും കൊണ്ടുപോയിട്ടില്ല. ഇക്കാര്യങ്ങള്‍ നുണപരിശോധന നടത്തി സ്ഥിരീകരിച്ചതാണെന്നും സി.ബി.ഐ. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ടെന്നും സി.ബി.ഐ. പറയുന്നു. എന്നാല്‍ ആരാണ് പീഡിപ്പിച്ചതെന്ന് ശാസ്ത്രീയ തെളിവുകളിലൂടെ ഉറപ്പാക്കാനായിട്ടില്ലെന്ന് സിബിഐ പറയുന്നു. എന്നാല്‍ സാഹചര്യത്തെളിവുകള്‍ പെണ്‍കുട്ടിയുടെ അച്ഛന് എതിരെന്നും സിബിഐ വ്യക്തമാക്കുന്നു.

2004 സെപ്റ്റംബര്‍ 28-നാണ് കവിയൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ലതാനായരായിരുന്നു കേസിലെ ഏകപ്രതി. കുടുംബനാഥന്റെ മകളെ ലതാനായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉന്നതര്‍ക്ക് കൈമാറിയെന്നായിരുന്നു ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *