പെരിയ ഇരട്ട കൊലക്കേസ് അന്വേഷണം തുടരാനാകുന്നില്ല: സിബിഐ

കൊച്ചി : സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി പറയാത്തതിനാല്‍ പെരിയ ഇരട്ട കൊലപാതകക്കേസ് അന്വേഷണം തുടരാനാകുന്നില്ലെന്ന് സിബിഐ. അപ്പീലിലെ ഉത്തരവ് വന്നാല്‍ മാത്രമേ അന്വേഷണവുമായി മുന്നോട്ട് പോകാനാകൂ എന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. വാദം പൂര്‍ത്തിയായി ഒമ്പത് മാസം പിന്നിട്ടിട്ടും ഡിവിഷൻ ബഞ്ച് വിധി പറയാത്ത സാഹചര്യത്തിലാണ് സിബിഐ കോടതിയെ സമീപിച്ചത്.

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവായത് 2019 സെപ്തംബര്‍ 30നാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച സിംഗിള്‍ ബഞ്ച് കുറ്റപത്രം റദ്ദാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് അനുസരിച്ച് സിബിഐ കേസ് രജിസ്റ്റർ ചെയ്തു. എഫ്ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്‍റെ അന്വേഷണ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *