അനന്തപുരിയിൽ മാവേലിയെത്തി; വേഷം കെട്ടാൻ ആളില്ലെങ്കിൽ മാവേലി വേണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ

തിരുവനന്തപുരം: തിരുവോണത്തിന് മുമ്പേ അനന്തപുരിയിൽ മാവേലിയെത്തി. തിരുവനന്തപുരം സിറ്റി പൊലീസിൻറെ കോവിഡ് ബോധവല്‍ക്കരണ
ക്യാമ്പയിനിൻറെ ഭാഗമായിട്ടായിരുന്നു പരിപാടി. സിറ്റിയിലെ മുഴുവൻ സ്‌റ്റേഷനുകളിലും നടത്തണമെന്നായിരുന്നു കമ്മീഷണറുടെ നിർദേശം. എന്നാൽ പ്രതിഷേധമുയർന്നതിനെ തുടർന്ന് താൽപര്യമുള്ള സ്‌റ്റേഷനുകളിൽ പരിപാടി നടത്തിയാൽ മതിയെന്നാക്കി.
തിരുവോണത്തിന് 14 ദിവസം മുമ്പേ മാവേലി എത്തിയത് കോവിഡിൻറെ സന്ദേശം നൽകാൻ. സന്ദേശം നൽകിയ മാവേലി നേരെ പോയത് ക്വാറൻറൈനിലേക്ക്. പൊലീസിൻറെ നിർദേശം ജനങ്ങൾ പാലിച്ചാൽ തിരുവോണത്തിന് വീണ്ടുമെത്തും. ഇനി ഈ പരിപാടിയുടെ ഫ്‌ലാഷ് ബാക്ക്. ഇന്നലെ വൈകുന്നേരം വയർലെസിലൂടെ സ്‌റ്റേഷനുകളിൽ കമീഷണറുടെ നിർദേശം. എല്ലാപേരും ബോധവത്കരണത്തിന് മാവേലിയെ ഇറക്കണം. പോലീസുകാർ തന്നെ പിരിവിട്ട് പരിപാടി നടത്തണം. പെട്ടെന്ന് മാവേലിയെ കണ്ടെത്താൻ കഴിയാത്ത ചില സ്‌റ്റേഷനുകളിൽ പൊലീസുകാർ തന്നെ മാവേലിയാകാൻ തീരുമാനിച്ചു. പൊലീസിൽ തന്നെ കോവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോൾ പരിപാടികൾ അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധം ഉയർന്നു.
പോലീസ് സേനയിൽ വ്യാപകമായി പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കമ്മിഷണര് നടത്തിയ ഉത്തരവ് പിൻവലിച്ചു. വേഷം കെട്ടാൻ ആളില്ലെങ്കിൽ മാവേലി വേണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ ഉത്തരവും പുറപ്പെടുവിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *