സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെന്ന് ധനമന്ത്രി തോമസ് ഐസക്. ട്രഷറി ഓവർ ട്രാഫ്റ്റിലേക്ക് പോയേക്കാം. ഡിസംബർ വരെയുള്ള വായ്പ എടുത്തതിനാല്‍ ഇനി വായ്പ എടുക്കണമെങ്കിൽ ഓർഡിനൻസ് ഇറക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ക്ഷേമ പെൻഷനുകൾ 20 മുതൽ വിതരണം ചെയ്യും, ശമ്പളം 24 മുതൽ വിതരണം ആരംഭിക്കും. ബോണസ് ഫെസ്റ്റിവല്‍ അലവൻസ് എന്നിവ കഴിഞ്ഞ വർഷത്തെ പോലെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സാമ്പത്തിക വർഷം ഡിസംബർ വരെയുള്ള പാദത്തിൽ അനുവദിച്ച വായ്പ എടുത്തുകഴിഞ്ഞു. കേന്ദ്ര സർക്കാർ അധികമായി അനുവദിച്ച ഉപാധികളില്ലാത്ത അരശതമാനം വായ്പ എടുത്താലേ ഓവർ ഡ്രാഫ്റ്റ് നികത്താനാകൂ. ധന ഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനത്തിന് മൂന്നു ശതമാനം വായ്പ എടുക്കാനേ അനുവാദമുള്ളു. അധികം വായ്പ എടുക്കണമെങ്കിൽ നിയമം പാസാക്കണം. 24ന് ഒരു ദിവസത്തേക്ക് മാത്രമാണ് നിയമസഭ ചേരുന്നത് എന്നതിനാൽ ബില്ല് പാസാക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *