സൈബര്‍ ആക്രമണത്തില്‍ ഫേസ്ബുക്കിനോട് വിവരങ്ങള്‍ തേടി പോലീസ്

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഫേസ്ബുക്കിനോട് വിവരങ്ങള്‍ തേടി കേരള പോലീസ്‌.

ടി.ജെ.ജയജിത്, വിനീത് വി.യു, കണ്ണന്‍ ലാല്‍ എന്നിവരുടെ അക്കൗണ്ട് വിവരങ്ങള്‍ തേടിയാണ് ഫേസ്ബുക്കിന് കത്ത് നല്‍കിയത്. ഇവര്‍ ലൈംഗികച്ചുവയുള്ള സന്ദേശം പ്രചരിപ്പിച്ചെന്ന് പോലീസ് വ്യക്തമാക്കി. സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ക്കായി  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഡി.ഐ.ജി സ‌ഞ്ജയ് കുമാര്‍ ഗുരുഡിന്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പോസ്റ്റുകള്‍ ലൈംഗിക ചുവയോടെയുളളതാണെന്നും അപകീര്‍ത്തികരമെന്നും മാനഹാനിയുണ്ടാക്കുന്നതെന്നും ഡി.ഐ.ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണമാണ് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായത്.

വനിതാമാദ്ധ്യമപ്രവര്‍ത്തകരുടെ കുടുംബാഗങ്ങള്‍ക്കെതിരെ വരെ സൈബര്‍ ഇടങ്ങളില്‍ നിന്നും ആക്രമണമുണ്ടായി. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *