പ്രതിദിനം 10,000 മുതല്‍ 20,000 വരെ രോഗികള്‍ക്ക് സാധ്യത: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ  കോവിഡ് രോഗികളുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ജാഗ്രതാ നിർദേശം. സെപ്റ്റംബറിൽ രോഗബാധിതരുടെ എണ്ണം കൂടുമെന്നാണ് മുന്നറിയിപ്പുകൾ.

രോഗബാധയുടെ നിരക്ക് കൂടുമ്പോൾ മരണനിരക്കും കൂടും എന്നത് ഭയത്തോടെ കാണണമെന്നും ഫെയ്സ്ബുക്ക് ലൈവിൽ ആരോഗ്യമന്ത്രി പറഞ്ഞു. അതിനാൽ ഇത്തരമൊരു രോഗവ്യാപനത്തെ കർശനമായി തടയണം. അതിനു സാധിക്കണമെങ്കിൽ ജനങ്ങൾ അകലം പാലിക്കുന്നതിനും മാസ്ക് ധരിക്കുന്നതിനും കൈകൾ ശുചീകരിക്കുന്നതിനും തയാറാകണം, രോഗവ്യാപനത്തിന്റെ കണ്ണി മുറിക്കേണ്ടതായുണ്ട്.

രോഗവ്യാപനത്തെ നേരിടാൻ കോവിഡ് ബ്രിഗേഡ് രൂപീകരിച്ചു കൊണ്ട് ചരിത്രപരമായ ദൗത്യം നിർവഹിക്കാൻ തീരുമാനിച്ചു. കോവിഡിനെ ചെറുക്കുന്നതിനു വേണ്ടി ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലുമൊക്കെ പ്രവർത്തിക്കാൻ കൂടുതൽ ആളുകളെ ആവശ്യമാണ്. അതിനായി രൂപീകരിച്ച കോവിഡ് ബ്രിഗേഡിൽ പങ്കാളികളാകാൻ ആളുകൾ സ്വമേധയാ തയാറായി മുന്നോട്ടു വരണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. മെഡിക്കൽ, നോൺ മെഡിക്കൽ മേഖലയിലുള്ളവരെ കോവിഡ് ബ്രിഗേഡിലേക്ക് ആവശ്യമുണ്ട്. താൽപര്യമുള്ളവർ കോവിഡ് ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *