ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗത്തില്‍ നിന്നും 3 അംഗങ്ങള്‍ ഇറങ്ങിപ്പോയി

ഗുരുവായൂര്‍: ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് ഏകാധിപത്യപരമായി പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ച്‌ ദേവസ്വം ഭരണസമിതി യോഗത്തില്‍ നിന്നും മൂന്ന് ഭരണസമിതി അംഗങ്ങള്‍ ഇറങ്ങിപ്പോയി.

ഭരണസമിതി അംഗങ്ങളായ കെ. അജിത്ത് (സി.പി.ഐ), കെ.വി ഷാജി (ജനതാദള്‍ (എസ്)), ക്ഷേത്രം ജീവനക്കാരുടെ പ്രതിനിധി എ.വി. പ്രശാന്ത് (സി.പി.എം) എന്നിവരാണ് ഇന്നലെ ഇറങ്ങിപ്പോയത്.

ദേവസ്വം ആശുപത്രിയില്‍ ആര്‍.എം.ഒ തസ്തികയില്‍ അടുത്തിടെ നടത്തിയ രണ്ട് നിയമനങ്ങള്‍ ഭരണസമിതി അംഗങ്ങളെ അറിയിച്ചില്ലെന്നതാണ് പ്രധാന ആരോപണം. കൂടാതെ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് പ്രദക്ഷിണ വഴിയില്‍ അയ്യപ്പന്‍ എന്ന പേരില്‍ പുതിയ ഭണ്ഡാരം സ്ഥാപിച്ചതും ദേവസ്വത്തിലെ ജീവനക്കാരുടെ സ്ഥലമാറ്റക്കാര്യത്തിലും ഏകപക്ഷീയമായാണ് തീരുമാനം എടുത്തതെന്ന് ആരോപിച്ചാണ് ഇറങ്ങിപ്പോക്ക്.

ആകെയുള്ള അഞ്ച് അംഗങ്ങളില്‍ മൂന്ന് പേര്‍ ഇറങ്ങിപ്പോയതോടെ യോഗം തുടരാന്‍വേണ്ട അംഗങ്ങള്‍ ഇല്ലാതായി. ആറ് അംഗങ്ങളാണ് ഭരണസമിതിയില്‍ സര്‍ക്കാര്‍ നോമിനികള്‍. എന്‍.സി.പിയുടെ പ്രതിനിധിയെയാണ് ഇതുവരെയും സര്‍ക്കാര്‍ നിയമിക്കാത്തത്. ക്ഷേത്രം തന്ത്രി, സാമൂതിരി രാജ, ക്ഷേത്രം ഊരാളന്‍ എന്നിവരടങ്ങുന്ന മൂന്ന് സ്ഥിരം ഭരണസമിതി അംഗങ്ങള്‍ ഉണ്ടെങ്കിലും ഇവരാരും യോഗത്തിന് എത്തിയിരുന്നില്ല.

ദിവസങ്ങള്‍ക്ക് മുമ്ബ് ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളില്‍ ചെയര്‍മാന്‍ അനധികൃത ഇടപെടലുകള്‍ നടത്തുന്നു എന്ന് കാട്ടി ക്ഷേത്രം തന്ത്രി ഭരണസമിതിക്ക് കത്തു നല്‍കിയിരുന്നു. ഇതും വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *