പ്രത്യക്ഷ നികുതി നിയമം രാജ്യത്ത് ലളിതവും സുതാര്യവുമാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രത്യക്ഷ നികുതി നിയമം രാജ്യത്ത് ലളിതവും സുതാര്യവുമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നികുതിദായകരെ ശാക്തീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. കൃത്യമായി നികുതി നൽകുന്നവരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കപ്പെടണം. ഘടനാപരമായ പരിഷ്‌കാരങ്ങൾ നികുതി മേഖലയിൽ പുതിയ അദ്ധ്യായമാകുമെന്നും അദ്ദേഹം പറഞ്ഞു.

സുതാര്യമായ നികുതി സമർപ്പണം-സത്യസന്ധർക്ക് ആദരം’ എന്ന പ്ലാറ്റ്ഫോം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകായിരുന്നു അദ്ദേഹം. ഫേയ്സ്‌ലെസ് അസസ്‌മെന്റ്, ഫേയ്സ്‌ലെസ് അപ്പീൽ, ടാക്സ്പെയേഴ്സ് ചാർട്ടർ തുടങ്ങിയവ പുതിയ പ്ലാറ്റ്ഫോമിലുണ്ടെന്നും ഫേയ്സ്‌ലെസ് അസസ്മെന്റ്, ടാക്സ് പേയേ‌ഴ്‌സ് ചാർട്ടർ എന്നിവ ഇന്ന് നിലവിൽ വരുമെന്നും ഫേയ്സ്‌ലെസ് അപ്പീൽ സേവനം സെപ്‌തംബർ 25ന് നിലവിൽ വരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പരിഷ്കാരങ്ങൾ സംബന്ധിച്ച് ധാരാളം ചർച്ചകൾ നടന്ന സമയമുണ്ടായിരുന്നു. നിർബന്ധങ്ങൾക്കും സമർദ്ദങ്ങൾക്കും വഴങ്ങിയാണ് തീരുമാനങ്ങളെടുത്തിരുന്നത്. ഇതിനാൽ ആഗ്രഹിച്ച ഫലമുണ്ടാക്കാൻ സാധിച്ചില്ല. ഇപ്പോൾ ഈ ചിന്തയും സമീപനവും മാറി. നമ്മുടെ നികുതി സംവിധാനം തടസമില്ലാത്തതും വേദനിപ്പിക്കാത്തതും മുഖംനോക്കാത്തതുമാക്കാനാണ് ശ്രമം.

വാണിജ്യരംഗത്തെ ഇന്ത്യയുടെ ഉയർച്ചയ്ക്ക് പിന്നിൽ നിരവധി പരിഷ്കാരങ്ങൾ ഉണ്ട്. രാജ്യത്തിന്റെ വികസനത്തിൽ സത്യസന്ധരായ നികുതിദായകർ പ്രധാന പങ്കാണ് വഹിക്കുന്നത്. നികുതി വിലയിരുത്തലുകൾക്കും അപ്പീലുകൾക്കും വലിയ പരിഷ്‌ക്കാരങ്ങളാണ് പുതിയ പ്ളാറ്റ്ഫോമിലുള്ളത്. രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള ചുവടുവയ്‌പ്പാണ് പുതിയ നികുതി സംവിധാനം.

ഇതൊരു പുതിയ യാത്രയുടെ തുടക്കമാണ്. ഇന്ന് ആരംഭിക്കുന്ന സംരംഭം ‘മിനിമം സർക്കാർ, പരമാവധി ഭരണം’ എന്നതിലുള്ള നമ്മുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു. എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും നയങ്ങളും അധികാര കേന്ദ്രീകൃത സമീപനത്തിൽ നിന്നും ജനകേന്ദ്രീകൃതവും പൊതു സൗഹാർദ്ദപരവുമായിരിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *