വലിയതുറ കടല്‍ഭിത്തി നിര്‍മാണത്തില്‍ ജില്ലാ കളക്ടറുടെ അടിയന്തര ഇടപെടല്‍

തിരുവനന്തപുരം: ജില്ലയില്‍ കടലാക്രമണം തടയുന്നതിനുള്ള കടല്‍ഭിത്തി നിര്‍മാണത്തില്‍ സംഭവിച്ച തടസ്സങ്ങള്‍ ലഘൂകരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.

യോഗത്തില്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ സംഭവിച്ച തടസ്സം തരണം ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. കടല്‍ഭിത്തി നിര്‍മാണത്തിനായി അനുയോജ്യമായ കല്ലുകള്‍ ലഭിക്കുന്നതിലുണ്ടായ സാങ്കേതിക തടസ്സം ഒഴിവാക്കുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ജിയോളജിസ്റ്റിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ലോക്ക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്തിനു പുറത്തുപോയ പരിചയസമ്പന്നരായ ജോലിക്കാരെ തിരിച്ചെത്തിക്കാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കും. കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശവാസികളെ സുരക്ഷിതമായ സ്ഥലത്ത് മാറ്റി താമസിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ എ.ഡി.എം, ആര്‍.ഡി.ഒ, തഹസില്‍ദാര്‍, ജില്ലാ ജിയോളജിസ്റ്റ്, പി.ഡബ്യു.ഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം ദുരിതബാധിതരുടെ പ്രതിനിധികളെ ജില്ലാ കളക്ടര്‍ നേരിട്ടു കേള്‍ക്കുകയും ജില്ലാ ഭരണകൂടം സ്വകരീച്ചിട്ടുള്ള നടപടികള്‍ ദുരിതബാധിതരെ ബോധ്യപ്പെടുത്തുകയും ചെയ്തു. മുടങ്ങിപ്പോയ പണികള്‍ അടിയന്തരമായി പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അവരെ അറിയിച്ചു. ദുരിത ബാധിതരുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്ക് ജില്ലാ ഭരണകൂടം മുന്നിലുണ്ടെന്നത് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

1 thought on “വലിയതുറ കടല്‍ഭിത്തി നിര്‍മാണത്തില്‍ ജില്ലാ കളക്ടറുടെ അടിയന്തര ഇടപെടല്‍

  1. തീരദേശങ്ങളിൽ കടൽ ഭിത്തി നിർമാണം തുടങ്ങുന്നതിനു മുന്നോടിയായി ആ പ്രദേശത്തിലെ മഝ്യതൊഴിലാളികളികളുടെ പരമ്പരാഗത അറിവ് മനസ്സിലാക്കി തുടർനടപടികൾ സ്വീകരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *