വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം:കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കാനിടയില്ല. നിലവിലെ സാഹചര്യം അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇന്നലെ ചേര്‍ന്ന യോഗമാണ് വിലയിരുത്തല്‍ നടത്തിയത്.

ഈ അക്കാദമിക് വര്‍ഷത്തെ സീറോ അക്കാദമിക് ഇയര്‍ ആയി പരിഗണിക്കാനും ആലോചനയുണ്ട്. ഇത്തരമൊരു അഭിപ്രായം ഇന്നലെ യോ​ഗത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതില്‍ അന്തിമ തീരുമാനമായിട്ടില്ല.

ഡിസംബറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമോ എന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. അധ്യായന വര്‍ഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂര്‍ത്തിയാക്കാനാണ് നിലവിലെ തീരുമാനം.

ഇന്ത്യയില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലായിരുന്നു. ഘട്ടംഘട്ടമായി തുറക്കാനായിരുന്നു ആലോചന. 10,11,12 ക്ലാസുകള്‍ ആദ്യം ആരംഭിച്ച്‌, തുടര്‍ന്ന് 6 മുതല്‍ 9 വരെയുളള ക്ലാസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നുമായിരുന്നു ആദ്യം പറഞ്ഞിരുന്നത്.

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്‌കൂളിലെത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ അടുത്ത മാസം ആരംഭിക്കാമെന്ന തീരുമാനം ഉപേക്ഷിക്കാന്‍ ധാരണയായി.

Leave a Reply

Your email address will not be published. Required fields are marked *