കോവിഡ് പ്രതിരോധത്തോടൊപ്പം പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് മുന്‍ഗണന നല്‍കും: മുഖ്യമന്ത്രി

കോവിഡിനെതിരെയുളള പ്രതിരോധ നടപടികള്‍ക്കൊപ്പം തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിലുളള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുന്ദമംഗലം മിനി സിവില്‍സ്റ്റേഷന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തങ്ങളുടെ സാഹചര്യത്തില്‍ പദ്ധതി നിര്‍വഹണത്തില്‍ തടസമുണ്ടാവും. എന്നാല്‍ നാടിന്റെ ഭാവി ഉറപ്പാക്കുന്ന പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്. കോവിഡിനെതിരെയുളള പോരാട്ടം നടക്കുന്നതോടൊപ്പം പദ്ധതി നിര്‍വഹണത്തിനുളള നടപടികള്‍ക്ക് മുന്‍ഗണന നല്‍കും.
കോവിഡിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടിവന്നിട്ടുണ്ട്. ജീവനക്കാരുടെ ഒരു ഭാഗം മാത്രമേ ഓഫീസില്‍ എത്തുന്നുളളൂ. ഒരാള്‍ കൈകാര്യം ചെയ്യുന്ന ഫയല്‍, ആ ആൾ ഇല്ലാത്തതുകൊണ്ട് ബന്ധപ്പെട്ടവര്‍ക്ക് മറുപടി ലഭിക്കാത്ത സാഹചര്യമുണ്ടാവരുത്. ഓഫീസ് നടപടികള്‍ പരസ്പരം പങ്കിട്ട് പൂര്‍ത്തീകരിക്കുന്ന അവസ്ഥയുണ്ടാവണം.

കോവിഡ് കുറച്ചു നാള്‍ കൂടി നമ്മോടൊപ്പം ഉണ്ടാവും. മഹാമാരിക്കെതിരെയുളള പോരാട്ടം ഇനിയും തുടരേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ നമുക്ക് നേട്ടമുണ്ടായിട്ടുണ്ടെങ്കിലും രോഗവ്യാപനം ഉണ്ടെന്നത് വസ്തുതയാണ്. കൂടുതല്‍ വ്യാപനമില്ലാതിരിക്കുകയെന്നത് പ്രധാനമാണ്. സര്‍ക്കാരിനൊപ്പം നാട്ടുകാരും ഒന്നിച്ചുചേര്‍ന്നുള്ള പ്രതിരോധം ഉണ്ടാവണം. വിഷമകരമായ സാഹചര്യങ്ങളാണെങ്കിലും ഈ സാഹചര്യങ്ങള്‍ മനസിലാക്കിക്കൊണ്ടുളള പിന്തുണ ജനങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *