സംസ്ഥാനത്ത് തീവ്ര മഴ; പാലക്കാട് വീട് തകർന്നുവീണ് ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര മഴ തുടരുന്നു. മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട് . ഈ മാസം 10 വരെയാണ് തീവ്ര മഴക്കുള്ള മുന്നറിയിപ്പ്. മലപ്പുറത്താണ് ഇന്ന് റെഡ് അലർട്ട്.

പാലക്കാട് ഓങ്ങല്ലൂർ പോക്കുപ്പടിയിൽ കനത്ത മഴയിൽ വീട് തകർന്ന് ഒരു മരണം. വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. പോക്കുപ്പടി കൂടമംഗലത്ത് (അൽ ഹുദാ സ്കൂൾ പരിസരം)  മച്ചിങ്ങത്തൊടി മൊയ്തീൻ എന്ന മാനു (70) ആണ് മരിച്ചത്. മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ. വീട്ടിൽ ഉണ്ടായിരുന്ന മറ്റ് അംഗങ്ങൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

കനത്ത മഴയെ തുടർന്ന് പെരിയാറില്‍ വെള്ളപ്പൊക്കം. ആലുവ മണപ്പുറത്ത് വെള്ളം കയറി. ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. ഏലൂര്‍ ഇടമുളയില്‍ വെള്ളം കയറിയതിനെ തുടർന്ന് 32 കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി. അതേസമയം, ജനതപ്പടിയിലും മൈലാടിയിലും ചാലിയാറില്‍ നിന്ന് വെള്ളം കയറി. മാനന്തവാടി അഗ്നിരക്ഷാനിലയത്തില്‍ വെള്ളം കയറി. മുത്തങ്ങ പൊന്‍കുഴിയില്‍ വെള്ളപ്പൊക്കം ഉണ്ടായി.

പശ്ചിമഘട്ട മലനിരകളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം കേരളത്തിലെ മറ്റ് ജില്ലകളെയും ബാധിക്കും എന്നതിനാൽ വടക്കൻ കേരളത്തിലും മധ്യ-കേരളത്തിലുമാകെ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

പത്താം തിയതി വരെ കടൽ പ്രക്ഷുബ്ധമാകും. കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണെന്നും ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നാളെ ഇടുക്കിയിലും ഞായറാഴ്ച വയനാട്ടിലും റെഡ് അലർട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.  സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റണമെന്നും അദേഹം നിർദ്ദേശിച്ചു. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

കോഴിക്കോട് കോടഞ്ചേരിയില്‍ ചാലിപ്പുഴ വീണ്ടും കരകവിഞ്ഞ് ചെമ്പുകടവ് പാലം വെള്ളത്തില്‍ മുങ്ങി. വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയിലെ 29 കുടുംബങ്ങളെ ചെമ്പുകടവ് യു പി സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചു. നൂറിലധികം ആളുകളെയാണ് സ്‌കൂളിലേക്ക് മാറ്റിയത്. മലവെള്ളപ്പാച്ചിലില്‍ പുതുപ്പാടി-കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടി പാലത്തിന്‍റെ കൈവരികള്‍ തകര്‍ന്നു. താല്‍ക്കാലികമായി നിര്‍മിച്ച പാലമാണ് ഭാഗികമായി തകര്‍ന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *