അയോധ്യയില്‍ ചടങ്ങുകള്‍ ആരംഭിച്ചു

അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച നടക്കാനിരിക്കുന്ന ഭൂമിപൂജയുടെ ഭാഗമായി അയോധ്യയില്‍ ചടങ്ങുകള്‍ ആരംഭിച്ചു.

രാം കി പൗഡിയില്‍ ആരതിയും  ഹോമവും നടന്നു. സരയു നദിക്കു കുറുകെയുള്ള പാലവും അയോധ്യയിലെ എല്ലാ ക്ഷേത്രങ്ങളും ദീപങ്ങളാല്‍ അലംകൃതമാണ്. ഹനുമാൻ ക്ഷേത്രത്തിലും ഇന്നു പൂജകള്‍ നടക്കും. 12 പുരോഹിതരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഗണപതി പൂജ നടന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച മൂന്നു മണിക്കൂര്‍ അയോധ്യയില്‍ ചെലവഴിക്കും. മോദിയും മറ്റു നാലു പേരും മാത്രമേ വേദിയില്‍ ഉണ്ടാകൂ . രാവിലെ ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ലക്‌നൗവിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്ടറിലാണ് അയോധ്യയിലേക്കു പോകുന്നത്. സരയൂ നദിക്കരയിലെ ഒരു കോളജില്‍ തയാറാക്കിയിരിക്കുന്ന ഹെലിപാഡിലാണ് മോദി ഇറങ്ങുന്നത്. മോദി ആദ്യം ഹനുമാന്‍ഗ്രാഹി ക്ഷേത്രത്തില്‍ പത്തു മിനിറ്റ് പൂജ നടത്തും. തുടര്‍ന്ന് രാംലല്ലയെ പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലത്തെത്തി പ്രാര്‍ഥിക്കും. പിന്നീടാണ് ഭൂമിപൂജയും 40 കിലോയുള്ള വെളളിശില സ്ഥാപിക്കുന്നതും. കനത്ത സുരക്ഷയാണ് അയോധ്യയില്‍ ഒരുക്കിയിരിക്കുന്നത്.

ചടങ്ങിലേക്കു ആകെ ക്ഷണിച്ചിരിക്കുന്ന 175 പേരില്‍ 135 പേരും സന്യാസിമാരും മതനേതാക്കളുമാണ്. കോവിഡ് പശ്ചാത്തലത്തില്‍ ചിലര്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് ശ്രീരാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. അയോധ്യയ്ക്കു പുറത്ത് ഭജനകള്‍ നടത്തുകയാണു ഭക്തര്‍ ചെയ്യേണ്ടതെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. ചടങ്ങുകള്‍ ദൂരദര്‍ശന തല്‍സമയം സംപ്രേഷണം ചെയ്യും.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തിയിരുന്നു. ക്ഷണിച്ചവര്‍ മാത്രമേ നാളെ അയോധ്യയിലേക്ക് എത്താവൂ എന്നും യോഗി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *