ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്‌ഥാനത്ത്‌ തുടരാൻ പിണറായി വിജയന് ധാർമ്മിക അവകാശമില്ലെന്ന് ബെന്നി ബഹനാൻ

കൊച്ചി: കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ പാളിച്ച പറ്റിയെന്ന മുഖ്യമന്ത്രിയുടെ കുറ്റസമ്മതം നടത്തിയതോടെ ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്‌ഥാനത്ത്‌ തുടരാൻ പിണറായി വിജയന് ധാർമ്മിക അവകാശമില്ലെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ.

യു ഡി എഫ് നേതാക്കൾ നിരന്തരം ചൂണ്ടിക്കാട്ടിയ വീഴ്ചകൾ പുച്ഛിച്ചു തള്ളുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്‍റേത് വെറും ആക്ഷേപങ്ങളായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രി ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയായിരുന്നു.

കേരളത്തിലാണ് ഏറ്റവും കുറവ് ടെസ്റ്റുകൾ നടക്കുന്നതെന്നും ക്വാറന്‍റൈൻ സംവിധാനം കാര്യക്ഷമമല്ലെന്നും യുഡിഎഫ് കൺവീനറും പ്രതിപക്ഷ നേതാവുമടക്കം ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിരോധത്തിലെ വീഴ്ചയാണ് ഇടയാക്കുന്നതെന്ന യു ഡി എഫ് ആരോപണം ശരിവെക്കുന്നതാണ് മുഖ്യമന്ത്രിയുടെ കുറ്റസമ്മതം. വീഴ്ചകൾ നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും അതൊന്നും ഉൾക്കൊള്ളാതെ ധാർഷ്ട്യത്തോടെയാണ് മുഖ്യമന്ത്രി മുന്നോട്ട് പോയത്.

സംസ്‌ഥാന സർക്കാർ നേതൃത്വത്തിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംപൂർണമായി പരാജയപ്പെട്ട സാഹചര്യത്തിൽ തുടർന്നുള്ള പ്രവർത്തനങ്ങൾ സർക്കാർ, പ്രതിപക്ഷം, ഡോക്ടർമാരുടെ സംഘടനകൾ, പകർച്ചവ്യാധി മേഖലയിൽ പ്രവർത്തന പരിചയമുള്ള വിദഗ്ധർ, സാമ്പത്തിക വിദഗ്ധർ എന്നിവർ അടങ്ങുന്ന ഒരു വിശാലവേദിയുടെ നിയന്ത്രണത്തിലാക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *