എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് സ്പെഷ്യല്‍ പ്രോസിക്യൂട്ടർ രാജിവച്ചു

കൊച്ചി: എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഷൈജന്‍ സി. ജോര്‍ജ് രാജിവച്ചു. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് എന്‍ഫോഴ്സ്മെന്‍റ് ഇദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാലാണ് തന്നെ ഒഴിവാക്കിയതെന്ന് ഷൈജന്‍ സി ജോര്‍ജ്ജ് പറഞ്ഞു. അഡ്വ ടി.എ ഉണ്ണികൃഷ്ണനാണ് പുതിയ അഭിഭാഷകൻ.

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കാനിരിക്കെയാണ് അഡ്വ. ഷൈജന്‍ സി.ജോര്‍ജിനെ മാറ്റി പകരം അഡ്വ. ടി.എ ഉണ്ണിക്കൃഷ്ണനെ നിയമിച്ചത്. സ്വപ്ന, സന്ദീപ്,സരിത് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള ഹരജി ഫയല്‍ ചെയ്തത് എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന്‍റെ സ്പെഷ്യല്‍ പ്രൊസിക്യൂട്ടറായ ഷൈജന്‍ സി.ജോര്‍ജായിരുന്നു. ഇന്ന് കോടതി ഹരജി പരിഗണിക്കാനിരിക്കെ ഇന്നലെ രാത്രിയാണ് തന്നെ മാറ്റിയ വിവരം അറിയിച്ചതെന്ന് ഷൈജന്‍ പറഞ്ഞു. തന്നെ മാറ്റാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഷൈജന്‍റെ ആരോപണം.

നിലവില്‍ മൂന്ന് കേന്ദ്ര ഏജന്‍സികള്‍ കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നുണ്ട്. എല്ലാ ഏജന്‍സികളുടെയും ഏകോപനം അസി സോളിസറ്റര്‍ ജനറലിനെ ഏല്‍പിച്ചു. ഇതോടെ അദ്ദഹേത്തെ സഹായിക്കാന്‍ കേന്ദ്ര അഭിഭാഷകനെ തന്നെ നിയമിക്കേണ്ടി വന്നുവെന്നാണ് ഇഡിയുടെ വാദം .കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ഹവാല , ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ് അന്വേഷിക്കുന്നത്. ഇഡി നല്‍കിയ അപേക്ഷ പ്രകാരം പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *