സംസ്ഥാനത്തു ഇന്നു മൂന്നു കോവിഡ് മരണം

കോട്ടയം: സംസ്ഥാനത്തു ഇന്നു മൂന്നു കോവിഡ് മരണം. ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ പൂച്ചപ്ര വരമ്പനാൽ വി.പി.അജിതൻ (55), മലപ്പുറം പെരുവള്ളൂര്‍ കടമ്പോടന്‍ കോയാമു (82), തൃക്കാക്കര ആലുങ്കല്‍ ദേവസി(82) എന്നിവരാണ് മരിച്ചത്.

കോട്ടയം മെഡിക്കൽ കോളജിൽ വച്ചാണ് സ്പെഷൽ ബ്രാഞ്ച് എസ്ഐ വി.പി.അജിതൻ മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖമുള്ള അജിതന്റെ ആരോഗ്യസ്ഥിതി ഗുരുതരമായപ്പോൾ ബുധനാഴ്ച രാത്രി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. വെള്ളിയാഴ്ച രാത്രി 11.45 മണിയോടെ ഹൃദയസ്തംഭനം മൂലമാണ് അന്ത്യം. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് രോഗം ബാധിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിക്കുന്നത്. ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്ന അജിതന് ഭാര്യയിൽനിന്നാണ് കോവിഡ് രോഗം ബാധിച്ചതെന്നാണ‌ു നിഗമനം. ഭാര്യ ചെറുതോണിയിൽ ബ്യൂട്ടി പാർലർ നടത്തിപ്പുകാരിയാണ്. ഇവർക്ക് കോവിഡ് ബാധിച്ചത് ചെറുതോണി കോളനിയിലുള്ള സ്ത്രീയിൽനിന്നാണ്. ഇദ്ദേഹത്തിന്റെ മകനും കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഭാര്യയും മകനും കഴിഞ്ഞ ദിവസം കോവിഡ് മുക്തരായിരുന്നു. മൃതദേഹം പൂച്ചപ്രയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരിച്ചു. ഭാര്യ രമണി. മക്കൾ അഭിൻ, അക്ഷയ.

മലപ്പുറം ജില്ലയിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പെരുവള്ളൂർ സ്വദേശി കോയാമു (82) ആണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഇന്നു രാവിലെ 10.30ന് ആയിരുന്നു മരണം. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പതിമൂന്നായി. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഉൾപ്പെടെ 10 കുടുംബാംഗങ്ങൾ കോവിഡ് ചികിത്സയിലുണ്ട്.

എറണാകുളത്ത് മരിച്ച സോഷ്യലിസ്റ്റ് നേതാവിന് കോവിഡ്–19 സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ മരിച്ച തൃക്കാക്കര ആലുങ്കല്‍ ദേവസിക്കാണ്(82) വൈറസ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ഒപ്പംനിന്ന മകനും കോവിഡ് പോസറ്റീവാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *