മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ പോലീസിന്റെ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന മുഴുവന്‍ തീര്‍ഥാടകരെയും ദര്‍ശനസമയത്തെ നാലു മണിക്കൂര്‍ വീതമുള്ള പ്രത്യേക ടൈം സ്‌ളോട്ടുകളായി തിരിച്ചു പോലീസ് നിയന്ത്രിക്കും. ഓരോ ടൈം സ്‌ളോട്ടിലും നിലയ്ക്കലില്‍നിന്നു കടത്തിവിടുന്നതു പരമാവധി 30,000 തീര്‍ഥാടകരെ മാത്രമായിരിക്കും.
കെ.എസ്.ആര്‍.ടി.സിയുടെ സഹകരണത്തോടെയായിരിക്കും നിയന്ത്രണം നടപ്പിലാക്കുക. നിലയ്ക്കലില്‍നിന്നു സ്വകാര്യവാഹനങ്ങളൊന്നും കടത്തിവിടില്ല. കെഎസ്ആര്‍ടിസിയില്‍ മാത്രമായിരിക്കും യാത്ര. ഈ നിയന്ത്രണം ശബരിമലയിലേക്കു വരുന്നവര്‍ ആരൊക്കെ, എത്രപേര് എന്നു മുന്‍കൂട്ടി അറിയാനുള്ള ഉപാധിയാക്കി മാറ്റാനാണു പൊലീസിന്റെ തീരുമാനം.


നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള ടിക്കറ്റിനായി കെഎസ്ആര്‍ടിസിയുടെ വെബ്‌സൈറ്റില്‍ കയറി മുന്‍കൂട്ടി ബുക്ക് ചെയ്യണം. പോലീസുമായി സഹകരിച്ചായതിനാല്‍ ഇതിനൊപ്പം വെര്‍ച്വല്‍ ക്യൂ ടിക്കറ്റും ബുക്ക് ചെയ്യാം.
ഒരു ദിവസത്തെ നാലു മണിക്കൂര്‍ വീതമുള്ള ടൈം സ്‌ളോട്ടുകളായി തിരിക്കും. ബുക്ക് ചെയ്യുന്നതനുസരിച്ച് ഇത്തരത്തിലുള്ള ഓരോ സ്‌ളോട്ടിലേക്കായിരിക്കും ദര്‍ശനസമയം അനുവദിക്കുക. ഈ ടിക്കറ്റുമായി നിലയ്ക്കലിലെത്തുന്നവരെയാണ് ബസില്‍ കയറ്റുന്നത്. ടിക്കറ്റില്‍ ക്യൂ ആര്‍ കോഡുള്ളതിനാല്‍ അതുമായി ഒരാള്‍ നിലയ്ക്കലിലെത്തിയാലും തിരികെ പോകാന്‍ പമ്പയില്‍നിന്നു ബസില്‍ കയറിയാലും സൈറ്റില്‍ രേഖപ്പെടുത്തും.
അതോടെ എത്രപേര്‍ നിലയ്ക്കലും പമ്പയിലും സന്നിധാനത്തുമുണ്ടെന്നും ആരൊക്കെയാണെന്നും മേല്‍വിലാസം സഹിതം പൊലീസിന് അറിയാനാവും. ഒരു ടൈംസ്‌ളോട്ടില്‍ പരമാവധി മുപ്പതിനായിരത്തിനും നാല്‍പതിനായിരത്തിനും ഇടയില്‍ തീര്‍ത്ഥാടകരെ മാത്രം കടത്തിവിടുകയുള്ളു. ഇതോടെ തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം യുവതി പ്രവേശം എതിര്‍ക്കാന്‍ വരുന്നവരെ ഒഴിവാക്കാനാവുമെന്നും പൊലീസ് കരുതുന്നു. കെഎസ്ആര്‍ടിസിയുടെ ബുക്കിങ് സൗകര്യം 29 മുതല്‍ പ്രവര്‍ത്തന സജ്ജമാകും.

Leave a Reply

Your email address will not be published. Required fields are marked *