ഉത്തര കൊറിയയിൽ ആദ്യ കോവിഡ് കേസ്; അടിയന്തരാവസ്ഥ

ഉത്തര കൊറിയ: ഉത്തര കൊറിയയിലെ അതിർത്തി പട്ടണത്തിലെത്തിയ ഒരാൾക്ക് കോവിഡ് രോ​ഗബാധയുണ്ടെന്ന് സംശയം. ദക്ഷിണ കൊറിയയിൽ നിന്ന് അനധികൃതമായി ഉത്തര കൊറിയയിലെത്തിയ ആൾക്കാണ് കോവിഡ് ലക്ഷണങ്ങൾ കണ്ടത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാൽ ഉത്തര കൊറിയയിൽ ഔദ്യോ​ഗികമായി സ്ഥിരീകരിക്കുന്ന ആദ്യ കോവിഡ് കേസായിരിക്കും ഇത്. മുൻകരുതൽ എന്ന നിലയിൽ കിങ് ജോങ് ഉൻ അതിർത്തി ടൗണായ കെയ്സോങിൽ അടിയന്തരാവസ്ഥയും ലോക്ക് ഡൗണും പ്രഖ്യാപിച്ചു.

രാജ്യം അതീവ ഗൗരവമുള്ള ഒരു സാഹചര്യത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ച് കിം പറഞ്ഞു. ക്രൂരനായ വൈറസ് അവസാനം രാജ്യത്തിനുള്ളിലേക്ക് കടന്നിരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മൂന്ന് വർഷം മുമ്പ് ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്ക് നാടുവിട്ട ഒരാളാണ് ഇപ്പോൾ രോഗവുമായി തിരിച്ചെത്തിയിരിക്കുന്നതെന്ന് ഉത്തര കൊറിയൻ ന്യൂസ് ഏജൻസി ആയ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ജൂലൈ 19നാണ് ഇയാൾ ഉത്തര കൊറിയയിൽ തിരിച്ചെത്തിയത്. ഇയാളെയും സമ്പർക്കമുള്ളവരെയും ക്വാറന്റീൻ ചെയ്യാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇയാൾക്ക് കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

രാജ്യത്ത് ഒരാൾക്ക് പോലും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കോവിഡിന് മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിൽ ഉത്തര കൊറിയ മുൻപന്തിലുണ്ടെന്നുമാണ് രണ്ട് ദിവസം മുൻപും കിങ് ജോങ് ഉൻ അവകാശപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *