മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മുച്ചക്ര സര്‍ക്കാരാണെങ്കില്‍ പോലും അതിന്റെ വളയം തന്റെ കൈകകളില്‍ ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ കൈകളില്‍ അല്ല തന്റെ സര്‍ക്കാരിന്റെ ഭാവിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഖ്യകക്ഷികളായ എന്‍.സിപിയും കോണ്‍ഗ്രസും മാതൃകപരമാണെന്നും മഹാ വികാസ് അഘാഡി (എം.വി.എ) സര്‍ക്കാര്‍ അവരുടെ അനുഭവത്തില്‍ നിന്ന് നേട്ടമുണ്ടാക്കുന്നുവെന്നും ശിവസേന പ്രസിഡന്റ് കൂടിയായ താക്കറെ പറഞ്ഞു.

”എന്റെ സര്‍ക്കാരിന്റെ ഭാവി പ്രതിപക്ഷത്തിന്റെ കയ്യിലല്ല, മുച്ചക്ര വാഹനം സാധാരണക്കാരന്റെ വാഹനമാണ്. മറ്റ് രണ്ട് പേരും പിന്നിലിരിക്കുകയാണ്,” ശിവസേനയുടെ മുഖപത്രമായ സാമ്നയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില്‍ അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എന്തിനാണ് സെപ്തംബര്‍- ഒക്ടോബര്‍ വരെ കാത്തു നില്‍ക്കുന്നതെന്നും അട്ടിമറിക്കുന്നതിലൂടെ സന്തോഷം കിട്ടുമെങ്കില്‍ ഇപ്പോള്‍ തന്നെ അത് ചെയ്യണമെന്നും താക്കറെ വെല്ലുവിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *