എറണാകുളം ജില്ലയിലെ വൃദ്ധസദനങ്ങളില്‍ റെഡ് അലര്‍ട്ട്

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ മുഴുവന്‍ വൃദ്ധ സദനങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ജില്ലയില്‍ 400 ലധികം വൃദ്ധ സദനങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.മുഴുവന്‍ വൃദ്ധസദനങ്ങളിലും റെഡ് അലര്‍ട്ട് നിര്‍ദേശം നല്‍കിയതായും മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി.ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ സ്ഥാപനങ്ങളെയും ബന്ധപ്പെടുത്തി സാമൂഹിക നീതി വിഭാഗത്തിനോട് നാളെ മുതല്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി.ഈ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ രോഗവിവരങ്ങള്‍ എല്ലാ ദിവസവും ആരോഗ്യവകുപ്പിനെയും അറിയിക്കാനും നിര്‍ദേശം നല്‍കി.ജില്ലയിലെ കോണ്‍വെന്റുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്നും കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്.നിലവിലെ സാഹചര്യത്തില്‍ ഇത്തരം യാത്രകള്‍ പരിപൂര്‍ണമായും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.ഒരു സ്ഥാപനത്തില്‍ നിന്നും പുറത്തു പോകാന്‍ ഒരാളെ നിശ്ചയിച്ച്‌ നിയോഗിക്കണം.ഇങ്ങനെ പോകുന്നയാള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കയും തിരികെ വരുമ്ബോള്‍ ഐസോലേഷനില്‍ ഇരിക്കുകയും ചെയ്യണം. ഇതേ രീതിയില്‍ അല്ലാതെ പുറത്തു പോകാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.ഇത്തരം സ്ഥാപനങ്ങളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തമെന്നും മന്ത്രി വ്യക്തമാക്കി.തൃക്കാക്കര കരുണാലയം വൃദ്ധ സദനത്തില്‍ 143 അംഗങ്ങള്‍ താമസിക്കുന്നു.നിലവിലെ ഇവിടുത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍

കരുണാലയത്തെ ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ചതായി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.24 മണിക്കൂറും ഡോക്ടര്‍ ഇവിടെ ഉണ്ടാകും.കോണ്‍വെന്റിന്റെ സഹകരണത്തോടെ രണ്ടു ചെറുപ്പക്കാരായ കന്യാസ്ത്രീകളെയും ഇവരെ പരിചരിക്കുന്നതിനായി നിയോഗിച്ചു. ഇതിനു പുറമെ നേഴ്‌സുമാരുടെ സഹായവും ഉണ്ടാകും.ഇവിടേക്ക് ഒരു മെഡിക്കല്‍ ടീമിനെയും നിയോഗിച്ചു.ആവശ്യമായ മരുന്നു ലഭ്യമാക്കും.ഓക്‌സിജന്‍ സിലിണ്ടര്‍ അടമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. സ്‌പെഷ്യല്‍ ടെലിമെഡിസിന്‍ സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.പാലിയേറ്റീവ് കെയല്‍ സ്‌പെഷ്യലിസ്റ്റിനെ നിയോഗിച്ചു.24 മണിക്കുറും ലഭ്യമാകുന്ന രണ്ട് ആംബുലന്‍സും ഇവിടെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.മാനസിക വെല്ലുവിളി നേരിടുന്നവരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥാപനങ്ങളല്‍ അതിവ ജാഗ്രതയും ശ്രദ്ധയും ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

മല്‍സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് സ്റ്റാന്‍ഡേര്‍ഡ് ഓഫ് പ്രൊസീജ്യര്‍ തയാറാക്കിയിട്ടുണ്ട്. ഇതരസംസ്ഥാനത്ത് നിന്നും എത്തുന്ന മല്‍സ്യബന്ധന വള്ളങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഇവിടുത്തെ തീരമേഖലകളില്‍ മല്‍സ്യബന്ധനം നടത്താന്‍ അനുവദിക്കില്ല.ഒരു പ്രദേശത്ത് നിന്നും മല്‍സ്യബന്ധനത്തിന് പോകുന്നവര്‍ അതേ സ്ഥലത്തെ ഹാര്‍ബറില്‍ തന്നെ തിരിച്ചെത്തണം അല്ലാതെ മറ്റേതെങ്കിലും ജില്ലയിലെ ഹാര്‍ബറില്‍ പോകാന്‍ അനുവാദമില്ല.മറ്റേതെങ്കിലും ജില്ലയില്‍ നിന്നും വരുന്നവര്‍ക്ക് ഇവിടുത്തെ ജില്ലയിലെ ഹാര്‍ബറില്‍ പ്രവേശിക്കാനും അനുവാദമില്ല.ഇതിനായി മോണിറ്ററിംഗിന് കമ്മിറ്റിയെ നിയോഗിക്കും.മറ്റു സ്ഥാനങ്ങളില്‍ ഉള്ളവരെ ഇവിടുത്തെ ബോട്ടുകളില്‍ മല്‍സ്യബന്ധനത്തിന് പോകുന്നതിനായി ബോട്ടുടമള്‍ കൊണ്ടു വരുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും അവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. ഒപ്പം ഇവരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കുകയും ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി.ചെല്ലാനം നിലയില്‍ നല്ല രീതിയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതായും മന്ത്രി വ്യക്തമാക്കി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും അടുത്ത ഘട്ടമായി ആന്റിജന്‍ പരിശോധന ആരംഭിക്കും.ആവശ്യമായ പരിശോധന കിറ്റുകള്‍ ലഭിക്കുന്ന മുറയ്ക്ക് പരിശോധന ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *