വിശ്വാസ വോട്ടെടുപ്പ് നടത്താനൊരുങ്ങി ഗെഹ്‍ലോട്ട് സർക്കാർ

ജയ്പൂര്‍: ഭൂരിപക്ഷം തെളിയിക്കാൻ രാജസ്ഥാനിൽ വിശ്വാസ വോട്ടെടുപ്പ് നടത്താനൊരുങ്ങി അശോക് ഗെഹ്‍ലോട്ട് സർക്കാർ. അടുത്തയാഴ്ച ഇതിനായി സഭ സമ്മേളനം വിളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഫോൺ ചോർത്തലിൽ കേന്ദ്രം ചീഫ് സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് തേടി.

വിശ്വാസ വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കാനായി മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് നിയമസഭ സമ്മേളനം വിളിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനായി ബുധനാഴ്ച സഭ സമ്മേളനം വിളിച്ചേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ട് എം.എൽ.എമാർ ഗെഹ്‍ലോട്ടിന് വീണ്ടും പിന്തുണയുമായി എത്തിയിരുന്നു. ഇതോടെ 103 അംഗങ്ങളുടെയെങ്കിലും പിന്തുണ ഉറപ്പിക്കാൻ ഗെഹ്‍ലോട്ട് ക്യാമ്പിനായിട്ടുണ്ട്. എന്നാൽ 200 അംഗ നിയമസഭയിൽ 109 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഗെഹ്‍ലോട്ടിന്‍റെ അവകാശവാദം.

ഇന്നലെ ഗവർണറെ കണ്ട ഗെഹ്‍ലോട്ട് ഇക്കാര്യം അറിയിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പിന്‍റെ കാര്യവും ചർച്ച ചെയ്തിരുന്നതായാണ് വിവരം. വിശ്വാസ വോട്ടെടുപ്പ് സച്ചിൻ ക്യാമ്പിനെ കൂടുതൽ വെട്ടിലാക്കും. വിമത എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയിലെ ഹൈകോടതി വിധി നിർണായകാമാകും. ഹരജി നാളെ വീണ്ടും പരിഗണിക്കും. അതിനിടെ വിമത എം.എൽ.എമാരുടെ ഫോൺ സംഭാഷണം ചോർത്തിയ നടപടിയിൽ രാജസ്ഥാൻ സർക്കാറിനോട് കേന്ദ്രം വിശദീകരണം തേടി. ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജസ്ഥാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *