മധ്യപ്രദേശില്‍ ദലിത് കുടുംബത്തെ തല്ലിച്ചതച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് സ്ഥലം ഒഴിപ്പിക്കാനെത്തിയ പൊലീസ് ദലിത് കുടുംബത്തെ തല്ലിച്ചതച്ചു.ഗുണ ജില്ലയില്‍ ഒഴിപ്പിക്കാനെത്തിയ പൊലീസുകാര്‍ക്കും തങ്ങളുടെ മക്കള്‍ക്കും മുന്നില്‍വെച്ച് ദളിത് കര്‍ഷക ദമ്പതികള്‍ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പൊലീസ് അതിക്രമം വിവാദമായതോടെ ഗുണ എസ്.പിയെയും കലക്ടറേയും തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു.

ഗുണയിലെ ജഗന്‍പൂരില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കോളജിന് വേണ്ടി സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമിയില്‍ കുടില്‍ കെട്ടി താമസിച്ചു കൃഷി നടത്തിവരികയായിരുന്നു രാജ്കുമാര്‍ അഹിര്‍വാറും കുടുംബവും. പൊലീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസിന് മുന്നില്‍ ദമ്പതികള്‍ വിഷം കഴിച്ചു. എന്നാല്‍ പിടിച്ചുമാറ്റാന്‍ പൊലീസ് തയ്യാറായില്ല.

പിന്നാലെ ഇവരെ വാഹനത്തില്‍ പിടിച്ചുകയറ്റാന്‍ ശ്രമിച്ചെങ്കിലും ദമ്പതികള്‍ പരസ്പരം കെട്ടിപ്പിടിച്ചു നിന്നു. പൊലീസ് ഇവരെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. ഇത്തരത്തിലുള്ള ഒരു നീക്കവും വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരരാജ് സിംഗ് ചൌഹാന്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *