എം ശിവശങ്കറിനെ ഉടന്‍ സസ്പെന്‍ഡ് ചെയ്തേക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്ന് ഉടന്‍ സസ്പെന്‍ഡ് ചെയ്തേക്കും. സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഉത്തരവിറങ്ങും.  കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി സിപിഎം നേതൃത്വത്തെ ധരിപ്പിച്ചു.

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന ജോലി സമ്പാദിച്ചതും എം ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഫോണില്‍ സംസാരിച്ചതുമാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ചത്. പ്രതികളുമായി ഇടപെട്ടതില്‍ ശിവശങ്കറിന് ജാഗ്രതക്കുറവുണ്ടായെന്നാണ് ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍. സ്വപ്നയ്ക്ക് ജോലി നല്‍കിയതിലും വീഴ്ചയുണ്ടായി.

സര്‍വ്വീസ് ചട്ടങ്ങള്‍ എം ശിവശങ്കരന്‍ ലംഘിച്ചതിന് സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം. ഒന്‍പതര മണിക്കൂറോളം ചോദ്യം ചെയ്ത ശിവശങ്കറിനെതിരെ കസ്റ്റംസ് പ്രതിചേര്‍ക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്.

അതേസമയം സ്വർണക്കടത്ത് കേസ് സർക്കാരിനെയോ പാർട്ടിയേയോ ബാധിക്കില്ലെന്ന് പാർട്ടി നേതൃത്വത്തിന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സിപിഎം ഉന്നത നേതൃത്വത്തോടാണ് മുഖ്യമന്ത്രി കേസിന്‍റെ വസ്തുതകൾ വിശദീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *