യുവതിയെ കബളിപ്പിച്ച് ബാങ്കില്‍നിന്ന്‌ പണം തട്ടി; സൈബര്‍ സെല്‍ നഷ്ട്ടപ്പെട്ട പണം വീണ്ടെടുത്തു

തിരുവനന്തപുരം:നഗരത്തില്‍ യുവതിയെ കബളിപ്പിച്ച്‌ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംഘടിപ്പിച്ച്‌ പണം തട്ടിയെടുത്തു. പരാതി ലഭിച്ച ഉടന്‍ സിറ്റി സൈബര്‍ സെല്‍ ഇടപെട്ട് നഷ്ട്ടപ്പെട്ട പണം വീണ്ടെടുത്തു. എസ്.ബി.ഐ ക്രഡിറ്റ് കാര്‍ഡ് വെരിഫിക്കേഷനായി ബാങ്കില്‍ നിന്ന് എന്ന വ്യാജേനയാണ് അക്കൗണ്ട് വിവരങ്ങള്‍ കരസ്ഥമാക്കിയാണ് ഓണ്‍ലൈനായി 70,700 രൂപ തട്ടിയെടുത്തത്. അതില്‍ 70,000 രൂപയും തിരുവനന്തപുരം സിറ്റി സൈബര്‍സെല്‍ വീണ്ടെടുത്തു.

പൂജപ്പുര ആറാമട സൊസൈറ്റി റോഡില്‍ താമസിക്കുന്ന യുവതിയെ എസ്.ബി.ഐ ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന മൊബൈലില്‍ വിളിച്ചു. അടുത്ത കാലത്ത് എടുത്ത ക്രഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാനെന്ന് പറഞ്ഞപ്പോള്‍ യുവതി സംശയിച്ചെങ്കിലും ബാങ്ക് അക്കൌണ്ട് നമ്ബരിന്റെ ഏതാനും അക്കങ്ങളും പേരും മറ്റ് വിവരങ്ങളും പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് യുവതി അവര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ കാര്‍ഡ് നമ്ബരും മറ്റും നല്‍കുകി. 70,700 രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച മെസേജ് വന്നപ്പോഴാണ് യുവതിക്ക് ചതി മനസ്സിലായത്.പണം നഷ്ടപ്പെട്ടതറിഞ്ഞ ഉടന്‍ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടു. അത് മൂലം വാലറ്റുകളുമായി സൈബര്‍ സെല്ലിന് ബന്ധപ്പെടാനും ഭൂരിഭാഗം പണവും തിരികെപ്പിടിക്കാനും ബാങ്കുമായി ബന്ധപ്പെട്ട് കാര്‍ഡ് ബ്ലോക്ക് ചെയ്യാനും സാധിച്ചതെന്ന് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.

പണം നഷ്ടപ്പെട്ടതായി മെസ്സേജ് വന്നയുടന്‍ അറിയിച്ചാല്‍ മാത്രമേ മിക്കവാറും ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ സാധിക്കയുള്ളൂ. എന്നാല്‍ ഇത്തരം കേസ്സുകളില്‍ വളരെ താമസിച്ചാണ് പണം നഷ്ടപ്പെട്ടവര്‍ ചതി മനസ്സിലാക്കുന്നത്. ബാങ്കിംഗ് സേവനങ്ങള്‍ എന്ന വ്യാജേന കാര്‍ഡ് നമ്ബറും ഓ ടി പി നമ്ബറും മനസിലാക്കി തട്ടിപ്പു നടത്തുന്ന ഇത്തരം സംഘങ്ങള്‍ക്കെതിരെ പൊതു ജനങ്ങള്‍ അതീവജാഗ്രത പാലിക്കേണ്ടതാണ്. തിരുവനന്തപുരം നഗരപരിധിയിലുള്ളവര്‍ എ.ടി.എം കാര്‍ഡ് /ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ എത്രയും വേഗം തിരുവനന്തപുരം സിറ്റി സൈബര്‍ സെല്ലിലെ 9497975998 എന്ന നമ്ബറില്‍ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *