തൃശ്ശൂർ അരിമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മക്ക് കോവിഡ്

തൃശ്ശൂർ: അരിമ്പൂരില്‍ കുഴഞ്ഞുവീണു മരിച്ച വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ അഞ്ചിന് മരിച്ച വത്സലക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യ ട്രൂനാറ്റ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. പോസ്റ്റുമോർട്ടം നടപടിക്കിടെ ശേഖരിച്ച സ്രവ പരിശോധനാ ഫലമാണ് പോസിറ്റീവായത്. പ്രോട്ടോകോള്‍ പാലിക്കാതെയായിരുന്നു മൃതദേഹം സംസ്കരിച്ചത്.

അഞ്ചിന് വൈകീട്ട് നാല് മണിയോടെയായിരുന്നു വത്സല നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. മരണകാരണത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ ട്രൂനാറ്റ് പരിശോധന നടത്തിയിരുന്നു. ഈ ഫലം നെഗറ്റീവായിരുന്നു. പരിശോധനാഫലത്തിലെ സംശയം കാരണം രണ്ട് ദിവസം കൂടി മൃതദേഹം കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചു. ജൂണ്‍ ഏഴിനാണ് പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി മൃതദേഹം പുറത്തെടുത്തത്. പി.സി.ആര്‍ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആയത്. ഈ പരിശോധനാഫലം കാത്തുനില്‍ക്കാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയാണ് മൃതദേഹം സംസ്‌കരിച്ചത്.

ഗുരുവായൂരിലെ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ ബസില്‍ വത്സലയുടെ മകള്‍ യാത്ര ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അമ്മയും മകളും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കോവിഡ് മരണമാണിത്.

Leave a Reply

Your email address will not be published. Required fields are marked *