വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

വര്‍ക്കല : 75കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ . അയിരൂര്‍ ചാരുംകുഴി പുത്തന്‍വീട്ടില്‍ രാജീവ് (26) ആണ് അറസ്റ്റിലായത് . ജൂണ്‍ 24 അര്‍ദ്ധരാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് . വൃദ്ധയുടെ വീടിനു സമീപം രാത്രി എട്ടരയോടെ എത്തി ഒളിച്ചിരുന്ന യുവാവ് 11 മണിയോടെ മീറ്റര്‍ ബോക്സിലെ മെയിന്‍സ്വിച്ച്‌ തകര്‍ത്ത് വൈദ്യുതി വിഛേദിച്ചു . അടിവസ്ത്രം മാത്രം ധരിച്ച്‌ വീടിന്റെ ഓട് പൊളിച്ച്‌ അകത്തിറങ്ങി ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു . ചെറുത്തുനിന്ന വൃദ്ധയെ വലിച്ചിഴച്ച്‌ സമീപത്തെ കുറ്റിക്കാട്ടില്‍ വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വൃദ്ധ നിലവിളിക്കുകയും പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത് .

ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീടിനു സമീപത്തു നിന്ന് കിട്ടിയ പ്രതിയുടെ വസ്ത്രങ്ങളും മാലയും ചെരുപ്പും കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത് . രണ്ട് പ്രാവശ്യം പൊലീസ് പ്രതിയുടെ വീട് വളഞ്ഞെങ്കിലും യുവാവ് കായലില്‍ചാടി രക്ഷപ്പെട്ടു . കഴിഞ്ഞ ദിവസം പൊലീസ് സമര്‍ത്ഥമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. മോഷണകേസുകളിലും പീഡനകേസുകളിലും നേരത്തെ പ്രതിയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *