ഹോങ്കോങ്ങുമായി നിലവിൽ ഉണ്ടായിരുന്ന കരാർ കാനഡ റദ്ദാക്കി

ഒട്ടാവ: ദേശസുരക്ഷാ നിയമം ചൈന പാസാക്കിയതിനു പിന്നാലെ കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഹോങ്കോങ്ങുമായി നിലവിൽ ഉണ്ടായിരുന്ന കരാർ കാനഡ റദ്ദാക്കി.

ഹോങ്കോങ്ങിലേക്കു സൈനിക ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതും നിർത്തിവച്ചു. തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കാനഡയുടെ സൈനിക ഉപകരണങ്ങൾ ചൈനയുടെ പക്കൽ എത്തുന്നതു തടയുമെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. ദേശസുരക്ഷാ നിയമം നിലവിൽ വന്നതോടെ ഒരു രാജ്യം, രണ്ട് വ്യവസ്ഥകൾ എന്ന രീതിയിൽ മാറ്റം വന്നതിനാലാണ് നടപടിയെന്നും ട്രൂഡോ പറഞ്ഞു. ഹോങ്കോങ് സന്ദർശിക്കുന്ന തങ്ങളുടെ പൗരൻമാർക്കുള്ള നിർദേശങ്ങളിലും കാനഡ മാറ്റം വരുത്തി.

മൊബൈൽ ടെലികോം സാങ്കേതികവിദ്യാരംഗത്തെ വമ്പൻ ചൈനീസ് കമ്പനിയായ വാവെയ്‌യുടെ സ്ഥാപകൻ റൻ ഴെങ്ഫൈയുടെ മകളും കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസറുമായ മെങ് വാൻഷു (48) 2018ൽ കാനഡയിൽ അറസ്റ്റിലായതോടെയാണ് ചൈനയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. പിന്നാലെ ചാരവൃത്തി ആരോപിച്ച് കാനഡയുടെ രണ്ടു നയതന്ത്ര ഉദ്യോഗസ്ഥരെ ചൈന തടവിലാക്കിയിരുന്നു. നയതന്ത്ര പ്രതിനിധികളെ വിട്ടുകിട്ടാൻ രാജ്യാന്തര തലത്തിൽ കാനഡ സമ്മർദം ശക്തമാക്കിയെങ്കിലും ഫലം കണ്ടില്ല. നയതന്ത്ര പ്രതിനിധികൾ അറസ്റ്റിലായിട്ട് 18 മാസങ്ങൾ പിന്നിട്ടിട്ടും ഉദ്യോഗസ്ഥർക്കു നയതന്ത്ര സഹായം ലഭ്യമാക്കാൻ പോലും ചൈന തയാറായില്ല. സംഭവത്തെ തുടർന്ന് കാനഡയിൽ ചൈനാവിരുദ്ധ വികാരം ശക്തമായി. തുടർന്ന് ചൈനയ്ക്കുള്ള ശക്തമായ സന്ദേശം എന്ന നിലയിൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ കാനഡ തീരുമാനിക്കുകയായിരുന്നു. ഹോങ്കോങ്ങിലേക്കുള്ള സൈനിക ആയുധങ്ങളുടെ കയറ്റുമതിയും തന്ത്രപ്രധാനമായ വസ്തുക്കളുടെയും വ്യാപാരം യുഎസ് അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെയാണു കടുത്ത നടപടികളുമായി കാനഡയും രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *