ഡോ ബി.ആര്‍ അംബേദ്ക്കറുടെ മുംബൈയിലെ വീടിന് നേരെ ആക്രമണം

മുംബൈ: ഭരണഘടനാ ശില്‍പ്പിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമമന്ത്രിയുമായ ഡോ.ബി.ആര്‍ അംബേദ്ക്കറുടെ മുംബൈയിലെ വീടിന് നേരെ ആക്രമണം. മുംബൈയിലുള്ള സ്മാരക വസതിക്ക് നേരെയാണ് അജ്ഞാത സംഘത്തിന്‍റെ ആക്രമണമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ മുംബൈ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

രണ്ടാളുകള്‍ വീടിന്‍റെ ജനലിന് നേരെ കല്ലെറിയുകയും സി.സി.ടി.വി തകര്‍ക്കുകയുമായിരുന്നു. ആക്രമണത്തില്‍ വീടിന് മുന്നിലെ ചെടിചട്ടികളും തകര്‍ന്നിട്ടുണ്ട്. സി.സി.ടി.വിയില്‍ നിന്നും അക്രമിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദാദറിലെ രണ്ട് നില വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈ വീട്ടിലാണ് അംബേദ്ക്കറുടെ പുസ്തകങ്ങളും ഫോട്ടോകളും സൂക്ഷിച്ചിട്ടുള്ളത്. അംബേദ്ക്കറുടെ മരുമകളും പേരമക്കളായ പ്രകാശ് അംബേദ്ക്കര്‍, ആനന്ദറാവു, ഭീം റാവു എന്നിവരാണ് ഇവിടെ താമസിക്കുന്നത്.

സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതെ സമയം സംസ്ഥാനത്ത് സമാധാനം ഉണ്ടാവണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും ആരും സ്മാരകത്തിന് മുന്നിലേക്കെത്തി പ്രത്യാക്രമണത്തിന് മുതിരരുതെന്നും വഞ്ചിത് ബഹുജന്‍ അഗാഡി അധ്യക്ഷനും അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കര്‍ പറഞ്ഞു. ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസും സംഭവത്തില്‍ കടുത്ത നടുക്കം രേഖപ്പെടുത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് നടപടിയെടുക്കാനും സംഘടന ആവശ്യപ്പെട്ടു. മഹാരാഷട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വിഷയത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അറിയിച്ചു. സംഭവം അന്വേഷിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *