പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ് സംഭവിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ് ആണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 64 പേരില്‍ 60 പേരും സമ്പര്‍ക്കരോഗികളാണ് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇന്ന് മാത്രം 55 പേര്‍ക്കാണ് മേഖലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ പൂന്തുറയില്‍നിന്ന് ശേഖരിച്ച 600 സാമ്പിളുകളില്‍ 119 പേര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച ഒരാളില്‍ നിന്നാണ് രോഗം വ്യാപിച്ചതെന്നാണ് നിഗമനം. ഈ പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ കര്‍ശനമാക്കിയതായി മന്ത്രി പറഞ്ഞു.

പുറത്തുനിന്ന് ആളുകൾ എത്തുന്നത് കർക്കശമായി തടയും. അതിർത്തികൾ അടച്ചിടും. കടൽ വഴി ആളുകൾ പൂന്തുറയിൽ എത്തുന്നത് തടയാൻ കോസ്റ്റൽ പൊലീസിന് നിർദേശം നൽകി. പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകും. കൂടുതൽ ആളുകൾക്കു പരിശോധന നടത്തും. പൂന്തുറയിലെ മൂന്നു വാർഡുകളിൽ നാളെ മുതൽ മുതൽ ഓരോ കുടുംബത്തിനും അഞ്ചു കിലോ വീതം സൗജന്യ റേഷൻ നൽകും. ഇതിനു കലക്ടർക്ക് നിർദേശം നൽകി.

ടെസ്റ്റിംഗ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് രോഗം സ്ഥിരീകരിച്ചവരുടെ എല്ലാ പ്രൈമറി, സെക്കണ്ടറി കോണ്‍ടാക്ടുകളേയും കണ്ടെത്തി പരിശോധന നടത്തും. പോസിറ്റീവാകുന്ന എല്ലാവരേയും ഉടന്‍തന്നെ ആശുപത്രികളിലേക്ക് മാറ്റും. പൂന്തുറയില്‍ 25 കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ടെന്നും, 6 ടീമുകളുടെ പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൂന്തുറ മേഖലയില്‍ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള ബോധവല്‍കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്‍റെ ആവശ്യകത പൊലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും. തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേക്കും തിരിച്ചും അതിര്‍ത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പൊലീസ് ഉറപ്പാക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇക്കാര്യം തമിഴ്നാട് ഡിജിപി ജെ.കെ. ത്രിപാഠിയുമായി ഫോണില്‍ സംസാരിച്ചു..

എല്ലാ പ്രധാനപ്പെട്ട റോഡുകളും ഇടറോഡുകളും തെരുവുകളും അണുനശീകരണം നടത്തും. പത്താം തീയ്യതി ഈ മേഖലകളിലെ മുഴുവന്‍ വീടുകളിലും അണുനശീകരണം നടത്തും. ഇതിനാവശ്യമുള്ള സൊലൂഷ്യന്‍ ഉണ്ടാക്കാനുള്ള ബ്ലീച്ചിങ് പൗഡര്‍ ആവശ്യമെങ്കില്‍ തിരുവനന്തപുരം നഗരസഭ വിതരണം ചെയ്യും. ഒരു ലിറ്റര്‍ വെള്ളത്തില്‍ ആറ് സ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്ത് 20 മിനുട്ട് വെച്ചിരുന്നാല്‍ അണുനശീകരണലായനിയായും. ഇതുപയോഗിച്ച് വീടും വീട്ടുപകരണങ്ങളും പരിസരവും ശുചിയാക്കണം.

മാസ്‌കിന്റേയും സാനിറ്റൈസറിന്റേയും ലഭ്യതക്കുറവ് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കോര്‍പ്പറേന്‍ കൗണ്‍സിലര്‍മാരിലൂടെ ഇവ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *