വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായും ഐടി വകുപ്പുമായും ബന്ധമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ ആരോപണവിധേയയായ വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായും ഐടി വകുപ്പുമായും ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വനിത കേരള സർക്കാരിനുവേണ്ടി ചെയ്ത ജോലിയിൽ തട്ടിപ്പ് നടന്നതായി പരാതിയില്ല. സർക്കാരിന് ഈ ഇടപാടിൽ യതൊരു ഉത്തരവാദിത്തവുമില്ല. സ്വർണക്കടത്തു നടത്തിയെന്നതു ശരിയാണ്. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തുള്ള എല്ലാ വിമാനത്താവളങ്ങളും കേന്ദ്രസർക്കാരിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അപാകതയുണ്ടായാൽ ഇടപെടാൻ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് സംവിധാനം ഉണ്ട്. സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. കള്ളക്കടത്ത് തടയാനാണ് കസ്റ്റംസിനെ വിന്യസിച്ചിരിക്കുന്നത്. ആ പ്രവർത്തനത്തെ പരാജയപ്പെടുത്തി കള്ളക്കടത്ത് നടത്താറുണ്ട്. ഇപ്പോൾ നടന്ന കള്ളക്കടത്ത് സംസ്ഥാന സർക്കാരുമായി എങ്ങനെയാണ് ബന്ധപ്പെടുന്നത്. ഈ പാർസൽ സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും ഏജൻസിക്കാണോ വന്നത്. യുഎഇ കോൺസുലേറ്റിന്റെ അധികാരം ഉപയോഗിച്ചാണ് കാര്യങ്ങൾ നടത്താൻ നോക്കുന്നത്. യുഎഇ കോൺസുലേറ്റിന്റെ അധികാരപത്രം ഹാജരാക്കി എന്നൊക്കെയാണ് കേൾക്കുന്നത്.

പ്രശ്നത്തിൽ ഒരു വിവാദ വനിത ഉണ്ടായിട്ടുണ്ട്. അവർക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി യാതൊരു ബന്ധവുമില്ല. ഐടി വകുപ്പുമായും ബന്ധമില്ല. ഐടി വകുപ്പിനു കീഴിൽ നിരവധി പ്രോജക്ടുകളുണ്ട്. അവയുടെ മാർക്കറ്റിങ് ചുമതലയാണ് അവർക്ക് ഉണ്ടായിരുന്നത്. ഇവരെ ജോലിക്കെടുത്തത് ഈ മാനേജ്മെന്റാണ്. പ്ലേസ്മെന്റ് ഏജൻസി വഴിയാണ് താത്കാലിക നിയമം നടത്തിയത്. പല പ്രോജക്ടുകളിലും പ്ലേസ്മെന്റ് ഏജൻസികൾ വഴി ജോലിക്കാരെ നിയമിക്കാറുണ്ട്. ഇവരുടെ മുൻപത്തെ ചരിത്രം പരിശോധിക്കുമ്പോൾ സംസ്ഥാന സർക്കാരുമായും ബന്ധമില്ല. യുഎഇ കോൺസുലേറ്റിലും എയർ ഇന്ത്യയിലുമാണ് ജോലി ഉണ്ടായിരുന്നത്. ഇതൊന്നും സംസ്ഥാന സർക്കാറിന്റെ അറിവോടെ നടന്ന നിയമനമല്ല. ആ നിയമന കാലമാണ് പ്രവർത്തി പരിചയമായി അവർ നൽകിയത്. കേരള സർക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും ഉണ്ടായിട്ടില്ല.

വനിത കേരള സർക്കാരിനുവേണ്ടി ചെയ്ത ജോലിയിൽ തട്ടിപ്പ് നടന്നതായി പരാതിയില്ല. സർക്കാരിന് ഈ ഇടപാടിൽ യതൊരു ഉത്തരവാദിത്തവുമില്ല. സ്വർണക്കടത്തു നടത്തിയെന്നതു ശരിയാണ്. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനില്ല. കസ്റ്റംസിന് എല്ലാ സഹായവും ചെയ്യും. ക്രൈംബ്രാഞ്ച് ഈ വനിതയുമായി ബന്ധപ്പെട്ട് ഹൈക്കോടതയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ആ കേസിൽ ഇവരെ പ്രതി ചേർക്കാം എന്നാണ് അതിൽ പറഞ്ഞിരിക്കുന്നത്. കൃത്യമായി മെറിറ്റ് അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് നൽകിയത്. മുഖ്യമന്ത്രിയുെട ഓഫിസിനെക്കുറിച്ച് ചിലർ പറഞ്ഞത് മാധ്യമങ്ങൾ ആവർത്തിച്ചു. വികൃതമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു. തെറ്റായ ചിത്രം സമൂഹത്തിൽ ഉയർത്തിക്കാട്ടാൻ ശ്രമം. ഇതിനേക്കാളും അപ്പുറമുള്ളത് കണ്ടതാണ്. നാക്കിന് ശക്തിയുണ്ടെന്ന് വച്ച് എന്തും വിളിച്ചു പറയരുത്.

കംസ്റ്റംസ് തന്നെ പറഞ്ഞു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ആരും വിളിച്ചില്ലെന്ന്. ഇവിടെ ഉന്നതമായ മൂല്യമാണ് എൽഡിഎഫ് സർക്കാർ പുലർത്തുന്നത്. ഐടി സെക്രട്ടറി ശിവശങ്കറിനെതിരെ ആക്ഷേപം ഉയർന്നു. അതേത്തുടർന്ന് അദ്ദേഹത്തെ മാറ്റി. ഈ വനിതയുമായി ഒട്ടേറെ പരാമർശം വന്നതിനാലാണ് അദ്ദേഹത്തെ മാറ്റി നിർത്തിയത്. യുഡിഎഫിന് ഇങ്ങനെ ഒരു നിലപാട് ചിന്തിക്കാൻ പോലും സാധിക്കില്ല. പുകമറ ഉയർത്തി സർക്കാറിനെ തളർത്തിക്കളയാമെന്നാണ് ഉദ്ദേശമെങ്കിൽ നടക്കില്ല. ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെ. സംസ്ഥാന സർക്കാറിന്റെ താൽപര്യപ്രകാരമല്ല എയർ ഇന്ത്യയിലേക്കും കോൺസുലേറ്റിലേക്കും ശുപാർശ ചെയ്തതെന്ന് വ്യക്തമാകേണ്ടതുണ്ട്.

യുഎഇ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ പല പരിപാടികളും നടത്തുകയും അതിൽ അവർ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ആ ദൃശ്യങ്ങളെടുത്തു വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്. ആ ദൃശ്യം വച്ചുകൊണ്ടു പ്രചാരണം നടത്തിയ ബിജെപി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും എന്താണു ചെയ്യുക. പഴയതു പലതും ഓർമയിൽ വരുന്നുണ്ടാകും. ഇപ്പോഴുള്ളവരെ കണ്ട് അതിന് ശ്രമിക്കണ്ട. സോളാറിനോട് ചിലർ താരതമ്യപ്പെടുത്താൻ ശ്രമം നടത്തുന്നു. ഞങ്ങള്‍ ഇടതുപക്ഷ മുന്നണി സർക്കാരിന് ഒരു സംസ്കാരമുണ്ട്. അത് യുഡിഎഫിന്റേതല്ല. ഏത് അന്വേഷണമായാലും സംസ്ഥാന സർക്കാറിന് സമ്മതാണ്. കുറ്റവാളികളെ കണ്ടെത്തി േവരറുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *