സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും എം.ശിവശങ്കറിനെ മാറ്റിയത് ആരോപണങ്ങൾ ശരിവെക്കുന്ന നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുൻപ് സ്വീകരിച്ചത്. സ്പ്രിൻക്ലർ, ബെവ്കോ വിവാദങ്ങളില്‍ സംരക്ഷിച്ചു.മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് കണ്ടതിനാലാണ് ശിവശങ്കരനെതിരായ നടപടി. ബലിയാടുകളെ അന്വേഷിച്ച് നടക്കുകയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ആ പദവിയിലിരിക്കാന്‍ യോഗ്യനല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് തരംതാണ രീതിയില്‍ ഉപയോഗിച്ചു. അഴിമതി സംബന്ധിച്ച പ്രതിപക്ഷ ആരോപണം തെളിഞ്ഞു. രണ്ടാമത്തെ പ്രമുഖന്‍റെ പേര് ഉടന്‍ പുറത്തുവരും.

പ്രൈവറ്റ് സെക്രട്ടറി തെറ്റ് ചെയ്താല്‍ ഉത്തരവാദിത്തം മന്ത്രിമാര്‍ക്ക് തന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്യുന്നത് തീവെട്ടിക്കൊള്ളയാണ്. ഗുരുതര അഴിമാതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. പൊലീസ് റിപ്പോര്‍ട്ട് ദിവസവും ആഭ്യന്തരമന്ത്രിക്ക് ലഭിക്കാറുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി അവഗണിക്കുകയായിരുന്നു. സി.ബി.ഐക്ക് വിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. പ്രതിപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശിവശങ്കറിനെ മഹാനായി മുഖ്യമന്ത്രി പലപ്പോഴും ചിത്രീകരിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു. ഐടി വകുപ്പില്‍ അനധികൃത നിയമനങ്ങള്‍ നടക്കുന്നു. ഒന്നും മുഖ്യമന്ത്രി അറിയുന്നില്ല. ഒന്നും അറിയുന്നില്ല എന്നുപറയുന്ന മുഖ്യമന്ത്രി സ്ഥാനത്ത് യോഗ്യതയില്ല. കേരള പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ല. മുഖ്യമന്ത്രിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. സി.പി.എം പോളിറ്റ് ബ്യൂറോ ഇതിൽ പ്രതികരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *