പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യത്തിന് വഴങ്ങി താരസംഘന

ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം യോഗം നടന്ന ഹോട്ടൽ അടപ്പിച്ചു

കൊച്ചി:  കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യത്തിന് വഴങ്ങി താരസംഘന അമ്മ.

സംഘടനയുടെ നിർവാഹക സമിതി യോഗമാണ് ഇതു സംബന്ധിച്ചു ധാരണയിലെത്തിയത്.  പുതിയ സിനിമകളുമായി താരങ്ങൾ സഹകരിക്കും.  50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാൻ തയാറാണെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. സാമ്പത്തിക പ്രതിസന്ധിയിലായ സിനിമ വ്യവസായത്തെ സഹായിക്കാനാണു പ്രതിഫലം കുറയ്ക്കാൻ താരങ്ങൾ തയാറായത്. ഈ വിഷയം സിനിമ സംഘടനകളുമായി ചർച്ച ചെയ്യാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പരസ്യമായി ഉന്നയിച്ചതിൽ നേരത്തെ അമ്മയുടെ എതിർപ്പുയർന്നിരുന്നു.

ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായ മുകേഷ്, ഗണേഷ്, അംഗങ്ങളായ സിദ്ധിഖ്, ആസിഫ് അലി, രചന നാരായണൻകുട്ടി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

അതേസമയം  കണ്ടെയ്ൻമെന്റ് സോണായ ഹോട്ടലുൾപ്പെടുന്ന ചക്കരപറമ്പ് (46–ാം ഡിവിഷൻ) നിയന്ത്രണം പാലിക്കാതെ യോഗം നടക്കുന്നുവെന്നു ആരോപിച്ചു ഡിവിഷൻ കൗൺസിലർ പി.എം.നസീബയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായെത്തി. ഇവർ ഹോട്ടലിനുള്ളിലേക്ക് തള്ളിക്കയറി. ഹോട്ടൽ കണ്ടെയ്ൻെമന്റ് സോണിനോട് ചേർന്നാണെങ്കിലും ഇതിന്റെ മുൻവശം ദേശീയപാത ബൈപ്പാസിലേക്കാണ്.

യോഗം നടന്ന ഹോട്ടൽ കണ്ടെയ്ൻമെന്റ് സോണിലായതിനാൽ പൊലീസ് ഇടപെട്ട് യോഗം നിർത്തി. ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം ഹോട്ടൽ അടപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *