തിരുവനന്തപുരത്ത് അതീവ ജാഗ്രത; കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂട്ടി

തിരുവനന്തപുരം: ഉറവിടം കണ്ടെത്താനാവാത്ത കോവിഡ് സമ്ബര്‍ക്ക കേസുകളെ തുടര്‍ന്ന് തിരുവനന്തപുരത്ത് അതീവ ജാഗ്രത.ജില്ലയില്‍ നാലിടങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി.പാളയം അയ്യന്‍കാളി ഹാള്‍, ജൂബിലി ആശുപത്രി, വെള്ളനാട് ടൗണ്‍, കണ്ണമ്ബള്ളി എന്നിവിടങ്ങളാണു കണ്ടെയ്ന്‍മെന്‍റ് സോണാക്കിയത്. ഈ പ്രദേശങ്ങളിലെല്ലാം കനത്ത ജാഗ്രത വേണമെന്നാണ് നഗരസഭയും ജില്ലാ ഭരണകൂടവും പറയുന്നത്.

സാഫല്യം ഷോപ്പിങ് കോംപ്ലക്‌സും പാളയം മാര്‍ക്കറ്റും നേരത്തെ കണ്ടെയിന്‍മെന്റ് സോണായിരുന്നു. സാഫല്യം ഷോപ്പിങ് കോംപ്ലക്‌സിലെ ജീവനക്കാരന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതിനു പുറമെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനും മെഡിക്കല്‍ റെപ്പിനും രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ക്വാറന്റീനിലുള്ളവര്‍ക്ക് ഭക്ഷണ വിതരണം നല്‍കുന്നതിനിടെയാവാം രോഗബാധിതനായതെന്നാണ് അധികൃതരുടെ നിഗമനം.

സമ്ബര്‍ക്കത്തിലൂടെയുള്ള രോഗങ്ങള്‍ കൂടുന്നു എന്നതാണ് തലസ്ഥാനത്തെ നിലവിലെ ഏറ്റവും വലിയ ആശങ്ക.കഴിഞ്ഞ ദിവസം 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ നാല് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയായായിരുന്നു രോഗം വന്നത്. ഇവരുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സമ്ബര്‍ക്ക രോഗബാധ തുടര്‍ന്നാല്‍ നഗരം ഭാഗികമായി അടച്ചിടാനാണ് ആലോചന.

അതിനിടെ വര്‍ക്കലയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ട് പ്രതികള്‍ ചാടിപ്പോയതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ക്വാറന്റീനില്‍ നിന്നാണ് പ്രതികള്‍ ചാടിപ്പോയത്. രാത്രി കാല പരിശോധനയ്ക്ക് നഗരസഭ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *